ADVERTISEMENT

ന്യൂഡൽഹി ∙ സുവർണ ക്ഷേത്രവളപ്പിലെ, രാജ്യംകണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടികളിലൊന്നായ ‘ഓപ്പറേഷൻ ബ്ലൂ സ്‌റ്റാറി’ന് 40 വയസ്സ്. 1984 ജൂൺ ഒന്നിനു തുടങ്ങി ആറിന് അവസാനിച്ച ഓപ്പറേഷനിൽ തീവ്രവാദി നേതാവ് സന്ത് ജർണയിൽ സിങ് ഭിന്ദ്രൻവാലയും ഉറ്റ അനുയായികളായ റിട്ട. മേജർ ജനറൽ സുബഗ് സിങ്ങും സിഖ് വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്റ് അമ്രിക് സിങ്ങും ‌മരിച്ചു. സൈനികരടക്കം അറുനൂറോളം പേർ കൊല്ലപ്പെട്ടെന്നാണു സൈന്യം നൽകുന്ന കണക്ക്.

യഥാർഥത്തിൽ അതിലുമെത്രയോ പേർ മരിച്ചെന്ന് അനൗദ്യോഗിക കണക്കുകളുണ്ട്. സൈനിക നടപടിയിലും അതിന്റെ തുടർച്ചയായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിലും സിഖ് കൂട്ടക്കൊലയിലുമൊക്കെയായി വ്യാപിച്ച ആഘാതം രാജ്യത്തെ ഉലച്ചു.

ഖലിസ്‌ഥാൻ എന്ന സ്വതന്ത്ര രാഷ്‌ട്രവാദത്തിലൂന്നിയ ഭീകരതയെ നേരിടാൻ മറ്റൊരു വഴിയുമില്ലാതായപ്പോഴാണു സുവർണക്ഷേത്രത്തിൽ കടന്നതെന്നു സൈനിക അധികൃതർ പറയുന്നുണ്ട്. പക്ഷേ, സംഭവത്തിലെ മനുഷ്യാവകാശ ലംഘനവും സിഖുകാരുടെ വിശേഷദിവസത്തിൽത്തന്നെ ആക്രമണം നടത്തിയതുമൊക്കെ വിമർശനമുയർത്തി. അകാലി, നിരങ്കാരി എന്നീ സിഖ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഒട്ടേറെ ജീവനുകൾ നഷ്‌ടപ്പെടുത്തിയ സൈനിക നടപടിയിലെത്തിച്ചത്.

അകാലികളുടെ നേതാവായി വളർന്ന ഭിന്ദ്രൻവാലയ്‌ക്കൊപ്പം കൂടിയത് ഏറെയും യുവാക്കളായിരുന്നു. 1982 ആയതോടെ ഈ സംഘം തീവ്രവാദത്തിലേക്കു മാറി. ഭിന്ദ്രൻവാല സുവർണക്ഷേത്രത്തിലായി താമസം. ഭിന്ദ്രൻവാലയുടെ സംഘം അക്കാലത്ത് ആയിരത്തിലേറെപ്പേരെ കൊന്നിട്ടുണ്ടെന്നാണു കണക്ക്. സംഘത്തിൽ ഗുണ്ടകളും ചേർന്നു. ഭിന്ദ്രൻവാലയുടെ പേരിൽ പണപ്പിരിവും ആയുധശേഖരണവും വളർന്നു. 

പ്രത്യേക സംസ്‌ഥാനമെന്ന ആവശ്യവുമായി കലാപം രൂക്ഷമായതോടെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ഇടപെട്ടു. പഞ്ചാബിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ഇന്ദിരയുടെ നിർദേശപ്രകാരം ജനറൽ എ.എസ്.വൈദ്യയും ലഫ്. ജനറൽ കെ.സുന്ദർജിയും ചേർന്ന് ഓപ്പറേഷനുള്ള പദ്ധതി തയാറാക്കി. ജൂൺ ഒന്നിനു സൈന്യം സുവർണക്ഷേത്രം വളഞ്ഞു. ഉച്ചയോടെ ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തു. അതോടെ, ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴിയും സൈന്യം അടച്ചു. അമൃത്‌സർ നഗരത്തിൽ നിശാനിയമം ഏർപ്പെടുത്തി. ക്ഷേത്രത്തിനു ചുറ്റുമുള്ള ഗന്ഥ്‌ഗാർ ചൗക്ക്, ബാബാസാഹിബ് ചൗക്ക്, ജാലിയൻ വാലാബാഗ്, ഹൻസ്‌ലി ബസാർ മേഖലകളിലും വെടിവയ്‌പുണ്ടായി. പിറ്റേന്നു രാത്രി പഞ്ചാബിന്റെ ക്രമസമാധാന ചുമതല പട്ടാളം ഏറ്റെടുത്തു. അക്രമം ഉപേക്ഷിക്കാൻ രാത്രി എട്ടരയ്‌ക്ക് ഇന്ദിരാ ഗാന്ധി റേഡിയോ പ്രഭാഷണത്തിൽ വീണ്ടും അഭ്യർഥിച്ചു.

ജൂൺ ഒന്നിനു സൈനികർ സുവർണക്ഷേത്രം വളഞ്ഞെങ്കിലും ആക്രമണം തുടങ്ങിയത് അഞ്ചാം തീയതിയാണ്. മൂന്നാം തീയതി പഞ്ചാബിൽ 36 മണിക്കൂർ നിശാനിയമം ഏർപ്പെടുത്തി. അഞ്ചിനു രാത്രി മേജർ ജനറൽ കുർദീപ് സിങ് ബ്രാറിന്റെ നേതൃത്വത്തിൽ സൈന്യം ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി. ആധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ചെറുത്തുനിൽപ്. ക്ഷേത്രത്തിന്റെ നിലവറകളിൽ നിറയെ ആയുധങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിൽ ഒളിച്ചിരുന്ന ഭീകരർ ആറിന് അർധരാത്രിയോടെ കീഴടങ്ങിയപ്പോൾ ഓപ്പറേഷൻ ഏതാണ്ട് അവസാനിച്ചു. ഇടത്തരം യന്ത്രത്തോക്കുകൾ, ലൈറ്റ് മെഷീൻ ഗൺ, സ്‌റ്റെൻ ഗൺ, റൈഫിൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവ ക്ഷേത്രത്തിൽനിന്നു സൈന്യം പിടിച്ചെടുത്തു.

ഓപ്പറേഷൻ‌ ബ്ലൂസ്റ്റാറിനുള്ള പ്രതികാരമായി 1984 ഒക്‌ടോബർ 31ന് ഇന്ദിരാ ഗാന്ധിയെ രണ്ടു സിഖ് അംഗരക്ഷകർ വധിച്ചു. വലിയ കലാപത്തിനാണ് അതു കാരണമായത്. ഉത്തരേന്ത്യയിൽ സിഖ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ടു. എണ്ണായിരത്തില്‍പ്പരം സിഖുകാരാണ് കൂട്ടക്കൊലയ്ക്കിരയായതെന്നാണ് കണക്ക്. ഓപ്പറേഷൻ സമയത്തു സൈനികത്തലവനായിരുന്ന ജനറൽ എ.എസ്.വൈദ്യ 1986 ൽ പുണെയിൽ കൊല്ലപ്പെട്ടു. 1988 ലാണ് സ്ഥിതി ശാന്തമായത്.

English Summary:

Operation Blue Star at 40: Impact and Insights from the 1984 Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com