ADVERTISEMENT

ന്യൂഡൽഹി∙ ഇടക്കാലജാമ്യത്തിന്റെ കാലാവധിയവസാനിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിലേക്കു മടങ്ങുന്നതോടെ ആംആദ്മി പാർട്ടിക്കും ‌ഡൽഹി സർക്കാരിനും കടുത്ത വെല്ലുവിളികളാണുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപ് കേജ്‌രിവാൾ ജയിലിലേക്കു മടങ്ങുന്നത് പാർട്ടിക്കുള്ളിൽ വലിയ നേതൃത്വ പ്രതിസന്ധിയുണ്ടാക്കുമെന്നാണു വിലയിരുത്തൽ.

അതിനിടെ കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ മുൻ‌നിരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളിലും ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. കേജ്‌രിവാൾ അറസ്റ്റിലായതിന് ശേഷം ഭരണകാര്യങ്ങളിൽ മന്ത്രി അതിഷിയും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിനു മുൻപേ ജയിൽമോചിതനായ രാജ്യസഭ എംപി സഞ്ജയ് സിങ്ങുമാണ് സുപ്രധാന ചുമതലകൾ വഹിക്കുന്നത്.

എന്നാൽ, ജാമ്യം ലഭിച്ചു പുറത്തു വന്നതിനു ശേഷം നടന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലുൾപ്പെടെ സുനിതയെയല്ലാതെ മറ്റൊരു നേതാവിനെയും കേജ്‌രിവാൾ പിൻഗാമിയെന്ന തരത്തിൽ അവതരിപ്പിച്ചിട്ടില്ല. കേജ്‌രിവാളിന്റെ അസാന്നിധ്യം പ്രതിപക്ഷസംഖ്യത്തിനൊപ്പം നിന്നു നിർണായക തീരുമാനങ്ങളെടുക്കുന്ന കാര്യങ്ങളിലും എഎപിയെ വിഷമത്തിലാക്കും. ഡൽഹിയിലെ അതിരൂക്ഷമായ ശുദ്ധജലക്ഷാമമാണു മറ്റൊരു പ്രധാന പ്രശ്നം. അതിനുപുറമേ രാഷ്ട്രീയവും ഭരണപരവുമായ മറ്റു വിഷയങ്ങളുമുണ്ട്. പല കാര്യങ്ങളിലും കേന്ദ്രസർക്കാരുമായി സ്ഥിരമുണ്ടാകുന്ന അധികാരത്തർക്കങ്ങളും പ്രതിസന്ധിയുണ്ടാക്കും.

ഔദ്യോഗിക വസതിയിൽ വച്ച് സ്വാതി മലിവാൾ‌ എംപിയെ കേജ്‌രിവാളിന്റെ മുൻ പഴ്സനേൽ സെക്രട്ടറി ബിഭവ് കുമാർ മർദിച്ചെന്ന കേസും കോടതിയിലാണ്. സ്വാതി മലിവാൾ പാർട്ടിക്കകത്തുനിന്നു നിയമപോരാട്ടം നടത്തുന്നതും എഎപിയെ സമ്മർദത്തിലാക്കുന്നു. സ്വാതി മലിവാളിനു മർദനമേറ്റ വിഷയത്തിൽ കേജ്‌രിവാൾ മൗനം പാലിക്കുന്നതിൽ സഞ്ജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.

മുഖ്യമന്ത്രിക്ക് ആശുപത്രിയിൽ പോകാൻ ആംബുലൻസ് അയച്ച് വിജയ് ഗോയൽ

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് അയച്ച് ബിജെപി നേതാവ് വിജയ് ഗോയലിന്റെ പരിഹാസം. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കേജ്‌രിവാൾ പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഇത്. ‘ആംബുലൻസിൽ അദ്ദേഹത്തിന് ഡൽഹിയിലെ ഏത് ആശുപത്രിയിലും പോയി പരിശോധന നടത്താം. കേജ്‌രിവാൾ വെറുതേ നാടകം കളിക്കുകയാണ്’ – ഗോയൽ പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാൾ വിചാരണക്കോടതിയിൽ ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയത്.

English Summary:

Arvind Kejriwal return to tihar jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com