ADVERTISEMENT

കോട്ടയം ∙ കനൽ ഒരു തരി മതിയെന്ന് ആശ്വസിച്ചിരുന്ന ഇടതുക്യാംപിനു പ്രതീക്ഷയേകി മനോരമ ന്യൂസ്– വിഎംആർ എക്സിറ്റ് പോൾ ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2 മുതൽ 4 വരെ സീറ്റാണ് എൽഡിഎഫിനു പ്രവചിക്കുന്നത്. വടകരയിലും പാലക്കാട്ടുമാണ് ഇടതിനു വിജയസാധ്യത. കണ്ണൂരും ആലത്തൂരും ബലാബലമെന്ന പ്രവചനവും മുന്നണിക്കു പ്രത്യാശ നൽകുന്നു. 2019ൽ ഒറ്റ സീറ്റിൽ മാത്രമായിരുന്നു ഇടതുവിജയം. 2019 ൽ മുഖം രക്ഷിച്ച ആലപ്പുഴ ഇക്കുറി നഷ്ടപ്പെടുമെന്നതാണ് സർവേ സൂചന. 

സിറ്റിങ് എംപി കെ.മുരളീധരനെ മാറ്റി പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയതിലൂടെ ശ്രദ്ധേയമായ മണ്ഡലമാണു വടകര. കെ.കെ.ശൈലജ എംഎൽഎയെ സിപിഎം നിർത്തിയതോടെ മത്സരം കടുത്തു. ടി.പി.ചന്ദ്രശേഖരൻ വധക്കേസും ആർഎംപിയുടെ സ്വാധീനവും തടസ്സം നിന്നിട്ടും വടകരയിൽ മുന്നേറാനായത് എൽഡിഎഫിന്റെ വിജയത്തിളക്കം കൂട്ടുന്നു. 0.09 ശതമാനം വോട്ടുവിഹിതം വർധിപ്പിച്ച് 1.91 ശതമാനം ഭൂരിപക്ഷത്തിലാകും ശൈലജയുടെ വിജയം.

2019നേക്കാൾ കടുത്ത പോരാട്ടമാണു ഇക്കുറി പാലക്കാട്ട് നടന്നത്. നേരിയ മാർജിലാണ് ഇവിടെയും എൽഡിഎഫ് മുന്നേറ്റം. സിറ്റിങ് എംപി വി.കെ.വി.കെ.ശ്രീകണ്‌ഠനെ സിപിഎം പിബി അംഗം എ.വിജയരാഘവൻ വീഴ്ത്തുമെന്നാണ് പ്രവചനം. എൽഡിഎഫിന് 2.13 ശതമാനം വോട്ടുവിഹിതം കൂടും. യുഡിഎഫിനും എൻഡിഎയ്ക്കും നേരിയ തോതിൽ വോട്ട് കുറയും. ഇരു മുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം 1.14 ശതമാനം മാത്രം. 20 ശതമാനം വോട്ടു നേടിയ എൻഡിഎയ്ക്ക് 2019 ലെ വോട്ടിൽ നിന്ന് വലിയ ചോർച്ച വന്നിട്ടില്ലെന്നാണ് സൂചന. 

കെപിസിസി അധ്യക്ഷനും സിറ്റിങ് എംപിയുമായ കെ.സുധാകരന്റെ മണ്ഡലമെന്നു ഖ്യാതിയുള്ള കണ്ണൂരിൽ സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജനെ രംഗത്തിറക്കിയാണ് എൽഡിഎഫ് പോര് കടുപ്പിച്ചത്. യുഡിഎഫിനു വലിയതോതിൽ വോട്ടുചോർച്ചയുണ്ടായപ്പോൾ (7.53 ശതമാനം കുറവ്) 1.23 ശതമാനമാണ് എൽഡിഎഫിന്റെ നേട്ടം. ഇരുമുന്നണികൾക്കും 42 ശതമാനം വോട്ടുവിഹിതമാണു പ്രവചിക്കുന്നത്. 

k-radhakrishnan-a-vijayaraghavan
കെ. രാധാകൃഷ്ണൻ, എ.വിജയരാഘവൻ

കോൺഗ്രസിന്റെ സിറ്റിങ് എംപി രമ്യ ഹരിദാസിനെ നേരിടാൻ മന്ത്രി കെ.രാധാകൃഷ്ണനെ രംഗത്തിറക്കിയ ആലത്തൂരിലും ഫോട്ടോഫിനിഷാണു പറയുന്നത്. യുഡിഎഫിനു കഴിഞ്ഞ തവണത്തേക്കാൾ 11.36 ശതമാനം വോട്ടുവിഹിതം കുറഞ്ഞപ്പോൾ എൽഡിഎഫിന് 4.23 ശതമാനം കൂട്ടാനായി. ഇരു മുന്നണികളും 41 ശതമാനം വീതം വോട്ടു നേടിയതോടെ ഫലം പ്രവചനാതീതമായി. കഴിഞ്ഞ തവണ ആലപ്പുഴയിൽനിന്നു ജയിച്ച എ.എം.ആരിഫ് ഇത്തവണ കോൺഗ്രസിന്റെ കെ.സി.വേണുഗോപാലിനോടു പരാജയപ്പെടും. ഇവിടെ എൽഡിഎഫിന്റെ വോട്ടുവിഹിതത്തിൽ 8.13 ശതമാനം കുറവുണ്ടാകുമെന്നും എക്സിറ്റ് പോൾ പറയുന്നു. 

എൽഡിഎഫിനു വിജയസാധ്യതയുള്ള മണ്ഡലങ്ങൾ

വടകര

കെ.കെ.ശൈലജ (സിപിഎം)

പാലക്കാട്

എ.വിജയരാഘവൻ (സിപിഎം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com