ADVERTISEMENT

കോട്ടയം ∙ പുതിയ അധ്യയന വർഷത്തിൽ കളിചിരികളും കരച്ചിലുമൊക്കെയായി മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കെത്തുന്നത്. പ്രവേശനോത്സവം നാടെങ്ങും ആഘോഷമാകുമ്പോൾ ആദ്യ സ്കൂൾ യാത്ര ഓർക്കുകയാണ് മുൻ വിദ്യാഭ്യാസ മന്ത്രിമാരായ എം.എ.ബേബിയും ഇ.ടി.മുഹമ്മദ് ബഷീറും.

നാലാം ക്ലാസിലെ പ്രവേശനോത്സവം

ഞാൻ മൂന്നാം ക്ലാസ് വരെ സ്കൂളിൽ പോയിട്ടില്ലെന്നും എന്റെ പ്രവേശനോത്സവം നാലാം ക്ലാസിലായിരുന്നുവെന്നും എം.എ.ബേബി. അതെന്തായെന്ന ചോദ്യത്തിന് മറുപടി ഉടനടിയെത്തി. ‘‘വിദ്യാഭ്യാസ സമ്പ്രദായത്തോട് ഞാൻ അന്നേ എതിരായിരുന്നു. എനിക്ക് ഇതിനോടൊക്കെ ഒരുതരം പുച്ഛമായിരുന്നു’’. ബേബി തനി പാർട്ടിലൈനിൽ കത്തിക്കയറാൻ തുടങ്ങിയപ്പോഴേക്കും ഭാര്യ ബെറ്റി ഇടപെട്ടു.

‘‘ബേബി ഇങ്ങനെയൊക്കെ പലതും പറയും, അതൊന്നുമല്ല സത്യം. ബേബിയുടെ അച്ഛൻ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. അത്യാവശ്യം സാമ്പത്തികമൊക്കെയുള്ള കുടുംബമാണ്. മൂന്നാം ക്ലാസ് വരെ വീട്ടിലിരുത്തിയാണ് ട്യൂഷൻ നൽകിയത്. ബേബിയുടെ ചേട്ടന്മാരും ഇങ്ങനെയാണ് പഠിച്ചത്. അങ്ങനെയാണ് നാലാം ക്ലാസിലേക്ക് നേരിട്ട് ചെന്നത്’’– ബെറ്റി പറഞ്ഞു നിർത്തിയപ്പോൾ ബേബി പൊട്ടിച്ചിരിച്ചു.

പ്രാക്കുളം എൽപിഎസിലായിരുന്നു ബേബിയുടെ പ്രാഥമിക വിദ്യാഭ്യാസം. വിദ്യാഭ്യാസമന്ത്രി ആയിരുന്ന സമയത്ത് ഇപ്പോൾ പഠിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും സ്കൂൾ അന്തരീക്ഷം അത്രയും മാറിയിരുന്നുവെന്നും ബേബി പറഞ്ഞു.

തുള്ളിച്ചാടിയാണു പോയത്

ആദ്യമായി സ്കൂളിലേക്ക് പോയത് തുള്ളിച്ചാടി സന്തോഷിച്ചിട്ടായിരുന്നുവെന്ന് ഇ.ടി.മുഹമ്മദ് ബഷീർ. ‘‘എന്റെ വാപ്പയായിരുന്നു സ്കൂളിലെ ഹെഡ്മാസ്റ്റർ. അത്രയ്ക്കും സന്തോഷത്തോടെ പോകാൻ കാരണവും അതായിരുന്നു. പുതിയ വസ്ത്രവും പുതിയ സൗകര്യങ്ങളും സുഹൃത്തുക്കളുമൊക്കെ കിട്ടിയതിന്റെ സന്തോഷമായിരുന്നു. വാപ്പ ഹെഡ്മാസ്റ്റർ ആയിരുന്നെങ്കിലും പ്രാരാബ്ധത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ പത്രാസൊന്നുമില്ലാതെയായിരുന്നു സ്കൂളിലോട്ടുള്ള പോക്ക്. അന്ന് ഇന്നത്തെ പോലെയല്ല.

ഭൂരിപക്ഷം പിള്ളേർക്കും സ്കുളിൽ പോകാൻ മടിയുള്ള കാലമായിരുന്നു. പക്ഷേ എനിക്ക് കരച്ചിലും പിഴിച്ചിലുമൊന്നും ഉണ്ടായിരുന്നില്ല. മന്ത്രിയായി വിദ്യാഭ്യാസ വകുപ്പ് കിട്ടിയപ്പോൾ എനിക്ക് വലിയ ടെൻഷനായിരുന്നു. ഞാൻ മന്ത്രിയായിരുന്ന സമയത്ത് പ്രവേശനോത്സവം ഉണ്ടായിരുന്നില്ല. അക്കാലത്താണ് ഡിപിഇപി സമ്പ്രദായം കേരളത്തിൽ കൊണ്ടുവരുന്നത്. പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നത് അങ്ങനെയാണ്’’ – ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com