‘ഹൈബിക്കെതിരെ പ്രചാരണം എളുപ്പമായിരുന്നില്ല’: എറണാകുളത്ത് സിപിഎമ്മിനു പിഴച്ചതെന്ത്?
Mail This Article
കൊച്ചി∙ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു എന്നതു മാത്രമല്ല, എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കൂടിയാണ് സിപിഎമ്മും എൽഡിഎഫും ഇത്തവണ ഏറ്റുവാങ്ങിയത്. എറണാകുളം യുഡിഎഫിന്റെ അടിയുറച്ച കോട്ടയാണെന്നത് അംഗീകരിക്കുമ്പോൾ തന്നെ ഇവിടെ കടന്നുകയറാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ അധികം വിജയിച്ചിട്ടില്ല. ഇത്തവണ പക്ഷേ, നടത്തിയ പരീക്ഷണങ്ങളിൽ ഏറ്റവും വലിയ തിരിച്ചടിയാണു നേരിട്ടതും. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രചാരണം നടത്താൻ സ്ഥാനാർഥി കെ.ജെ.ഷൈനു സാധിച്ചുവെങ്കിലും ഇതൊന്നും വോട്ടുകളായി മാറിയില്ല. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഒട്ടുമിക്ക നിയമസഭാ മണ്ഡലങ്ങളിലും പ്രകടവുമായിരുന്നു. ഇതിനു പുറമെ ക്രൈസ്തവ, മുസ്‍ലിം വോട്ടുകളും കൂട്ടത്തോടെ യുഡിഎഫിലേക്ക് എത്തിയതോടെ ഹൈബി ഈഡന്റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിലും വർധിക്കുകയും ചെയ്തു.
എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 7 നിയോജക മണ്ഡലങ്ങളിലും ഹൈബി നടത്തിയത് വൻകുതിപ്പാണ്. മാത്രമല്ല, ഇടതുപക്ഷം ഭരിക്കുന്ന വൈപ്പിൻ, കോൺഗ്രസ് എംഎൽഎമാരുള്ള പറവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ കെ.െജ.െഷൈന് ലഭിച്ച വോട്ടുകളേക്കാൾ കൂടിയ ഭൂരിപക്ഷമാണ് ഹൈബിക്ക് ലഭിച്ചത്. ‘‘ഹൈബി മികച്ച സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ 5 വർഷം കൊണ്ട് മികച്ച പ്രതിച്ഛായ അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്. കുറ്റങ്ങളും കുറവുകളുമൊക്കെ ചൂണ്ടിക്കാട്ടി ഹൈബിക്കെതിരെ പ്രചാരണം നടത്തുന്നതും എളുപ്പമായിരുന്നില്ല. കാരണം കേന്ദ്രം ബിജെപിയും സംസ്ഥാനം സിപിഎമ്മുമാണ് ഭരിക്കുന്നത്’’ – എന്നാണ് ജില്ലയിലെ സിപിഎം പ്രവർത്തകരിലൊരാൾ ചൂണ്ടിക്കാട്ടിയത്. അത്രത്തോളം വ്യക്തിപ്രഭാവമുള്ള സ്ഥാനാർഥി ഉണ്ടായെങ്കിൽ മാത്രമേ എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ സിപിഎമ്മിനു വിജയിക്കാൻ സാധിക്കൂ എന്നത് പാർട്ടി നേതൃത്വത്തിനുമറിയാം. കഴിഞ്ഞ ഏതാനും ദശകങ്ങളായി എറണാകുളത്ത് മികച്ച നേതാക്കളെയൊന്നും വളർത്തിയെടുക്കാൻ സിപിഎമ്മിനു സാധിച്ചിട്ടുമില്ല. ഇപ്പോൾ സി.എൻ.മോഹനൻ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുമ്പോൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പി.രാജീവും സ്ഥലത്ത് സജീവമാണ്. എന്നാൽ ജില്ലയുടെ യുഡിഎഫ് സ്വഭാവം മാറ്റുക അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് ഓരോ തിരഞ്ഞെടുപ്പുകളിലായി സിപിഎമ്മിനുണ്ടായിട്ടുണ്ട്.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കൊച്ചി, കളമശ്ശേരി, വൈപ്പിൻ എന്നീ നിയോജകമണ്ഡലങ്ങൾ എൽഡിഎഫാണു ഭരിക്കുന്നത്. എന്നാല്‍ കൊച്ചിയിൽ 40,286 വോട്ടും കളമശ്ശേരിയിൽ 38,447 വോട്ടും വൈപ്പിനിൽ 29,868 വോട്ടുമാണ് ഹൈബിക്ക് ലഭിച്ച ഭൂരിപക്ഷം. യുഡിഎഫ് ഭരിക്കുന്ന തൃപ്പൂണിത്തുറയിൽ ഹൈബി 69,661 വോട്ടുകൾ നേടിയപ്പോൾ കെ.ജെ.ഷൈന് ലഭിച്ചത് 37,696 വോട്ടുകൾ. എൻഡിഎയുടെ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണന് ഇവിടെ 27,951 വോട്ടുകളും ലഭിച്ചു. ഇവിടെ ഹൈബിയുടെ ഭൂരിപക്ഷം 31,965 വോട്ടുകൾ. യുഡിഎഫിന്റെ ഉമ തോമസ് എംഎൽഎയായ തൃക്കാക്കരയിൽ കെ.ജെ.ഷൈന് നേടാനായത് 28,889 വോട്ടുകൾ മാത്രം. ഹൈബിക്ക് ഇവിടെ ലഭിച്ചത് 73,789 വോട്ടുകൾ. ഭൂരിപക്ഷം 44,900 വോട്ടുകൾ, ഇടതുസ്ഥാനാർഥിക്ക് ലഭിച്ച ആകെ വോട്ടിനേക്കാൾ വലിയ ഭൂരിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതിനീധീകരിക്കുന്ന പറവൂരിലാണ് ഷൈൻ ടീച്ചറുടെയും വീട്. ഇവിടെ ഇടതു സ്ഥാനാർഥിക്ക് ലഭിച്ചത് 42,594 വോട്ടുകൾ. ഹൈബിക്ക് 68,989 വോട്ടുകൾ ലഭിച്ചപ്പോൾ ഭൂരിപക്ഷം 26,395 വോട്ടുകൾ. കോൺഗ്രസ് എംഎൽഎ ടി.ജെ.വിനോദിന്റെ എറണാകുളം മണ്ഡലത്തിൽ കെ.ജെ.ഷൈന് ലഭിച്ചത് 20,893. ഇവിടെ ഹൈബിയുടെ ഭൂരിപക്ഷം 37,069 വോട്ടുകൾ. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിക്ക് എൻഡിഎ സ്ഥാനാര്‍ഥിയെക്കാൾ കൂടുതൽ നേടാനായത് 2573 വോട്ടുകൾ മാത്രം.
എറണാകുളം മണ്ഡലം നിലവിൽ വന്ന 4 ദശകത്തിനുള്ളിലെ ഏറ്റവും വലിയ പരാജയമാണ് ഇത്തവണ നേരിട്ടിരിക്കുന്നത്. ഇതിനു മുമ്പ് മണ്ഡലത്തിനു തീരെ അപരിചിതനായ മാണി വിതയത്തിലിനെ സിപിഎം മത്സരിപ്പിച്ച 1999ലാണ് ഇതിനു മുമ്പുള്ള കുറവ് – 2,82,753 വോട്ടുകൾ. 2004ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സെബാസ്റ്റ്യൻ പോള്‍ മത്സരിച്ചപ്പോൾ പക്ഷേ ഇടതുതന്ത്രം വിജയിച്ചു. അന്ന് സെബാസ്റ്റ്യൻ പോൾ 3,23,042 വോട്ടുകൾ നേടി. പക്ഷേ അത് എഡ്വേർഡ് എടേഴത്ത് എന്ന സ്ഥാനാർഥിയെ കെ.കരുണാകരന്‍ കെട്ടിയിറിക്കിയതാണ് എന്ന ആരോപണങ്ങള്‍ക്കൊപ്പം മണ്ഡലത്തിനു തീരെ അപരിചിതനായ സ്ഥാനാർഥി എന്നതും യുഡിഎഫിനു തിരിച്ചടിയായി. സമുദായ സമവാക്യങ്ങൾ പാലിക്കണോ വേണ്ടയോ തുടങ്ങിയ സന്ദേഹങ്ങളും സിപിഎമ്മിനുണ്ട്. കഴിഞ്ഞ തവണ പി.രാജീവിനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചപ്പോൾ 1.69 ലക്ഷത്തിനായിരുന്നു തോൽവി. പാര്‍ട്ടി ചിഹ്നത്തിൽ, പാർട്ടി പ്രവർത്തകയും ന്യൂനപക്ഷ സമുദായാംഗവുമായ പൊതുപ്രവർത്തകയെ മത്സരിച്ചപ്പോഴാകട്ടെ 2.50 ലക്ഷത്തിന്റെ പരാജയമാണ് നേരിട്ടിരിക്കുന്നത്. അതുകൊണ്ട് ഏതുവിധത്തിലാണ് എറണാകുളം പിടിക്കുക എന്നതിൽ സിപിഎമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.