‘ഏക ലക്ഷ്യം മോദിയെ പ്രധാനമന്ത്രിയാക്കുക’: മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിരാഗ്
Mail This Article
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് ലോക് ജൻശക്തി പാർട്ടി(റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ. അത്തരത്തിലുള്ള മാധ്യമവാർത്തകൾ തെറ്റാണെന്നും ചിരാഗ് പറഞ്ഞു.
തന്റെ ഏക ലക്ഷ്യം നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതാണ്. ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണമെന്നത് പ്രധാനമന്ത്രിയാണ് തീരുമാനിക്കുന്നത്. തനിക്കുവേണ്ടി ഒന്നും ചോദിച്ചിട്ടില്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. എൽജെപി ഭക്ഷ്യവിതരണ വകുപ്പും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.
അതേസമയം, എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നരേന്ദ്ര മോദിയെ ഇന്നു നേതാവായി തിരഞ്ഞെടുക്കാനിരിക്കെ, മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകൾക്കു ചൂടേറി. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച്, തെലുങ്കുദേശം പാർട്ടിക്ക് (ടിഡിപി) സ്പീക്കർ സ്ഥാനവും 3 കാബിനറ്റ് പദവി ഉൾപ്പെടെ 5 മന്ത്രിസ്ഥാനങ്ങളും നൽകാമെന്നു ബിജെപി അറിയിച്ചു. ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിനു പ്രത്യേക പദവിയുമാണു വാഗ്ദാനം.