ADVERTISEMENT

തൃശൂർ ∙ മന്ത്രിസഭയിലും ലോക്സഭയിലും പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിൽ രാജ്യസഭയിലെ ഒഴിവിലേക്ക് ആർജെഡിയെ പരിഗണിക്കണമെന്ന ആവശ്യം ഇടതുമുന്നണിയിൽ നേരത്തേ ഉന്നയിച്ചതാണെന്നും സിപിഎമ്മിനു കത്തു നൽകിയിട്ടുണ്ടെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനായി ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.

രാജ്യസഭാ സീറ്റുമായാണ് ആർജെഡി ഇടതുമുന്നണിയിലേക്കു വന്നത്. ലോക്സഭാ സീറ്റിലേക്കും മന്ത്രിസഭയിലേക്കും പരിഗണിക്കാത്തതിൽ പാർട്ടിക്കുള്ളിൽ പരാതിയുണ്ട്. ഉഭയകക്ഷി ചർച്ച നടത്താമെന്നാണ് അന്നു പറഞ്ഞത്. കേരള കോൺഗ്രസ് (എം) സീറ്റിന് ആവശ്യമുന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആരെങ്കിലും സീറ്റ് വേണ്ടെന്നു പറയുമോ എന്നായിരുന്നു ശ്രേയാംസ് കുമാറിന്റെ മറുചോദ്യം.

കേന്ദ്രത്തിൽ മൂന്നാമതും നരേന്ദ്ര മോദി സർക്കാർ വരുന്നതിനെതിരെ കേരളത്തിൽ ഭൂരിഭാഗത്തിനുമുണ്ടായിരുന്ന ആശങ്ക കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് അനുകൂലമായിട്ടുണ്ടാകാം. സംസ്ഥാന ഭരണത്തിനെതിരായ വികാരം പ്രതിഫലിച്ചോ എന്നത് ആഴത്തിൽ പരിശോധിക്കേണ്ടതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകണം. തൃശൂരിലെ തോൽവി സംബന്ധിച്ച് അന്വേഷണം വേണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജനതാ പാർട്ടികളുടെ ലയനം എന്നത് എന്നും തുറന്നുവച്ച അധ്യായമാണ്. അതിനു സന്നദ്ധത കാണിക്കേണ്ടതു മറുവിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികൾക്ക് അർഹമായ സീറ്റ് നൽകണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ തിരഞ്ഞെടുപ്പു ഫലത്തിൽ ഗുണപരമായ മാറ്റം ഉണ്ടാകുമായിരുന്നെന്നു പാർട്ടി സെക്രട്ടറി ജനറൽ‌ വർഗീസ് ജോർജ് പറഞ്ഞു. വടകരയിൽ യുഡിഎഫിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആർജെഡി എംഎൽഎ ഉള്ള കൂത്തുപറമ്പിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുന്നണിക്ക് 10 ശതമാനം വോട്ട് കുറഞ്ഞത് എല്ലാ പാർട്ടികളും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

RJD Must Be Considered for Rajya Sabha Vacancy says MV Shreyams Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com