പരിചയപ്പെടാൻ എന്നു പറഞ്ഞ് 15കാരനെ ക്ലാസിൽനിന്ന് വിളിച്ചിറക്കി; കത്രിക കൊണ്ട് നെഞ്ചിൽ കുത്തി
Mail This Article
ബത്തേരി∙ വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരുക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരുക്കുണ്ട്. സംഭവത്തില്‍ 5 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
അമ്പലവയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിലാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. ചികിത്സയ്‌ക്കെത്തിയ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
പരാതിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ - അക്കാഡമിക്സ് എ.അബൂബക്കറിനെ ചുമതലപ്പെടുത്തി. വയനാട് വിദ്യാഭ്യാസ ഉപ ഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ്പിയുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. റാഗിങ് ഒരു കാരണവശാലും ക്യാംപസിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.