‘ബിനീഷിന്റെ അമ്മ പ്രാർഥിക്കാൻ എഴുന്നേറ്റപ്പോഴാണ് തീ കണ്ടത്; നായ കുരയ്ക്കുന്നത് കേട്ട് അയൽവാസികൾ ഓടിവന്നു’
Mail This Article
കൊച്ചി∙ അങ്കമാലിയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി റോജി എം.ജോൺ എംഎൽഎ. രാവിലെ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് അമ്മ വീടിന്റെ മുകളിൽ നിലയിൽ തീപിടിച്ചത് കണ്ടത്. പുലർച്ചെ 4 മണിയോടെയാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് റോജി എം.ജോൺ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.
‘‘വീടിന്റെ മുകളിലെ നിലയിലെ രണ്ടു മുറികൾക്ക് മാത്രമാണ് തീപിടിച്ചത്. തീപിടിച്ചതു കണ്ട് വീടിനു താഴത്തെ മുറിയിൽ കിടന്നിരുന്ന അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാൻ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാൽ വലിയ രീതിയിൽ തീപിടിച്ചതിനാൽ തീയണയ്ക്കാൻ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയൽവാസികൾ ഓടി വന്നത്. പിന്നാലെ തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മുകളിലെ നിലയിലെ രണ്ടു മുറികളിൽ മാത്രമേ തീപടർന്നിട്ടുള്ളു. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷമേ കാരണം വ്യക്തമാവുകയുള്ളൂ.’’– റോജി അറിയിച്ചു. നിലവിൽ ബിനീഷിന് സാമ്പത്തിക ബാധ്യതകളുള്ളതായി അറിയില്ലെന്നും ബിസിനസ് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നും എംഎൽഎ പറഞ്ഞു.
അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിലാണ് അച്ഛനും അമ്മയും രണ്ടു മക്കളും മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോൾ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്‌വിൻ (5) എന്നിവരാണ് മരിച്ചത്.