അങ്കമാലിയിൽ വീടിന് തീപിടിച്ചു; അച്ഛനും അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു
Mail This Article
കൊച്ചി∙ അങ്കമാലിയിൽ വീടിനു തീപിടിച്ച് നാല് പേർ മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോൾ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്‌വിൻ (5) എന്നിവരാണ് അഗ്നിക്കിരയായത്. അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്നു പുലർച്ചെയാണ് തീപിടിച്ചത്.
താഴത്തെ നിലയിൽ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതോടെ അയൽവാസികൾ ഉൾപ്പെടെ ഓടിയെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപടർന്നു. ബിനീഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിക്കാണ് തീപിടിച്ചത്. തീ അണച്ചപ്പോഴേക്കും ഇവർ വെന്തുമരിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കളമശേരി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. മുകളിലെ മുറിയിൽ മാത്രം എങ്ങനെ വലിയ രീതിയിൽ തീപിടിച്ചെന്നും അതെങ്ങനെ ആളിപ്പടർന്നെന്നും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. തീയുടെ ഉറവിടം അറിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വീടിന് ചുറ്റും സിസിടിവി ഉണ്ട്. അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ള എന്തെങ്കിലും ഇടപെടലുണ്ടായോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്‌വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.