സ്വർണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ്: ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ; ചരിത്രത്തിലാദ്യം
Mail This Article
കോട്ടയം∙ സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി.
കരുതൽ സ്വർണ ശേഖരത്തിലേക്ക് തുടർച്ചയായി 18 മാസം സ്വർണം വാങ്ങിക്കൂട്ടിയ ചൈന, പൊടുന്നനെ വാങ്ങൽ അവസാനിപ്പിച്ചതും യുഎസിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുമാണു സ്വർണവിലയെ താഴേക്കു നയിച്ചത്. യുഎസിൽ കഴിഞ്ഞ മാസം പുതിയതായി 2.72 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു. 1.85 ലക്ഷം പുതിയ തൊഴിലുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര സ്വർണവില ഇതോടെ ഔൺസിന് 83 ഡോളർ ഇടിഞ്ഞ് 2,293 ഡോളറിലെത്തി. ഇത് ഇന്ത്യയിലും വില താഴാൻ വഴിയൊരുക്കി.
∙ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം
മേയ് 20ന് കുറിച്ച, ഗ്രാമിന് 6890 രൂപയും പവന് 55120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. അന്ന് മൂന്നു ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേർത്ത് 59,000 രൂപയ്ക്കടുത്ത് നൽകിയാലായിരുന്നു കേരളത്തിൽ ഒരുപവൻ ആഭരണം വാങ്ങാമായിരുന്നത്. ഇന്ന് വിലയിടിഞ്ഞതോടെ 56,900 രൂപ കൊടുത്താൽ മതിയാകും.