വ്യക്തിപരമായ പരാമർശങ്ങളോടു പ്രതികരണമില്ല; എന്നും ഇടതുപക്ഷത്ത്: ഡോ.ഗീവർഗീസ് മാർ കൂറിലോസ്
Mail This Article
തിരുവല്ല∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമർശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. ‘‘നേരത്തേ പറഞ്ഞ കാര്യങ്ങൾ മാത്രമേ പറയാനുള്ളു. അതിൽ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരണമില്ല. ഞാൻ എന്നും ഇടതുപക്ഷത്താണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ ഹൃദയപക്ഷം തന്നെയാണ് എന്റെ പക്ഷം. അതിലൊന്നും മാറ്റമുണ്ടാകില്ല’’– അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടിയേൽക്കാൻ കാരണം സർക്കാരിന്റെ ധൂർത്തും ധാർഷ്ട്യവുമാണെന്നു ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. പുരോഹിതൻമാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഇന്നലെ മൂന്നാം വർഷ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.