ADVERTISEMENT

കൊച്ചി ∙ ഈ മാസം 13ന് പിതാവ് കുര്യന്റെ ഒന്നാം ചരമവാർഷികമായതിനാൽ അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന പ്രാർഥനയിലും മറ്റും പങ്കെടുക്കാൻ ബന്ധുക്കളെയും അയൽക്കാരെയും ക്ഷണിച്ച ശേഷമാണു ബിനീഷ് വെള്ളിയാഴ്ച വൈകിട്ടു വീട്ടിലെത്തിയത്. എന്നാൽ ബിനീഷും ഭാര്യ അനുമോൾ മാത്യുവും എട്ടും അഞ്ചും വയസ്സുള്ള മക്കളായ ജൊവാനയും ജസ്‌‍വിനും ഇന്നലെ കണ്ണുതുറന്നില്ല. അങ്കമാലിയിലെ ഇവരുടെ വീടിന്റെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തിൽ 4 പേരും വെന്തുമരിച്ചു. പിതാവിനെ അടക്കിയിരിക്കുന്ന അതേ കല്ലറയിൽ ഇന്ന് 4 പേരും  ഒന്നുചേർന്നു. പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ നൂറുകണക്കിന് പേരാണ് പാറക്കുളം റോഡിലെ അയ്യമ്പിള്ളി വീട്ടിലെത്തിയത്.

തീപിടിത്തത്തിന്റെ കാരണങ്ങൾ വിശദമാക്കി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ പരിശോധനാഫലം ഇന്ന് പൊലീസിന് കൈമാറിയേക്കും. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിനു സമാനമായ കേടുപാടുകളുണ്ടെന്നു കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി വ്യക്തമായി. മരണത്തിനു മുൻപ് നാലു പേരും പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. എസിയിൽ നിന്നുള്ള ലീക്കാണ് ഇതിലേക്ക് നയിച്ചതെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലെത്തിച്ച മൃതദേഹം 11 മണിയോടെയാണു വീട്ടിലെത്തിച്ചത്. തുടർന്നു സംസ്കാരത്തിനായി പള്ളിയിലേക്കു കൊണ്ടുപോയി. 

വെളുപ്പിനെ 4 മണിയോടെ ഇവരുടെ കിടപ്പുമുറിയിൽ തീ പടർന്നു എന്നാണ് കരുതുന്നത്. അതിനു മുൻപ് എസി ലീക്കായി കാർബൺ മോണോക്സൈഡ് ശ്വസിച്ച് എല്ലാവരും അബോധാവസ്ഥയിലായി എന്നാണ് സൂചന. തുടർന്ന് ആളിപ്പടർന്ന തീയിൽ നിസ്സഹായരായി ഇവർ മരിക്കുകയായിരുന്നു. പൊള്ളലേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ്മോർട്ടത്തിലേയും നിഗമനം. അതിശക്തമായ തീയിൽ ജനാലകളുടെ ചില്ലുകൾ വരെ പുറത്തേക്ക് പൊട്ടിത്തെറിച്ചു പോയി. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ പുറത്തു നിന്നും ആർക്കും ഉള്ളിലേക്ക് കടക്കാനായില്ല. വെളുപ്പിനെ നാലരയ്ക്ക് ഉണർന്ന ബിനീഷിന്റെ അമ്മ ചിന്നമ്മ മുകളിൽനിന്ന് ശബ്ദം കേട്ട് ചെന്നു നോക്കിയെങ്കിലും മുറി പൂട്ടിയിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. വീട്ടിലെ സഹായിയായ ഒഡീഷ സ്വദേശി നിരഞ്ജനെ കൂടി വിളിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പുറത്തേക്ക് പടർന്നു കൊണ്ടിരുന്ന തീ ഇതിനിടെ വെള്ളമൊഴിച്ച് അണച്ചു. 5.10ന് പത്രം ഏജന്റ് ഏലിയാസ് വാഹനത്തിൽ വരുമ്പോഴാണ് വീട്ടിലെ തീ കാണുന്നതും അയൽവാസിയായ പൗലോസിനെ വിവരമറിയിക്കുന്നതും. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും 4 പേരും കത്തിത്തീർന്നിരുന്നു. ഇന്ന് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

English Summary:

Angamaly Family Fire Tragedy and Cremation- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com