പരാതികളില്ലാത്ത പാർട്ടി കേഡർ, കോട്ടയത്തെ ഊടുവഴികളും മനഃപാഠം; മോദി മന്ത്രിസഭയിലേക്ക് ജോർജ് കുര്യനും
Mail This Article
കോട്ടയം∙ ഏറ്റുമാനൂർ രാധാകൃഷ്ണന്റെ കളരിയിൽനിന്നു സംഘടനാപാടവം നേടിയ ജോർജ് കുര്യൻ മധ്യകേരളത്തിൽ ബിജെപിയുടെ ക്രൈസ്തവ മുഖമാണ്. കോട്ടയത്ത് പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്ത് സ്വന്തം ഭാവി നോക്കാതെയാണ് ജോർജ് കുര്യൻ ബിജെപിയിലെത്തിയത്. പരിഹസിച്ചവരോടും മുഖംചുളിച്ചവരോടും മറുത്തൊരു വാക്കു പറയാൻ നിൽക്കാതെ സംഘടനാ പ്രവർത്തനത്തിൽ മുഴുകി. ജോർജ് കുര്യനും പി.ജെ. തോമസും വെട്ടിത്തെളിച്ച വഴിയിലൂടെയാണ് കോട്ടയത്തെ പുതുതലമുറ ബിജെപിയിലേക്കെത്തുന്നത്. പദവികൾക്കു പിന്നാലെ ഒരിക്കലും പോയിട്ടില്ലാത്ത ജോർജ് കുര്യനെ പല പദവികളും തേടിയെത്തുകയായിരുന്നെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
പ്രീഡിഗ്രി പഠനകാലയളവിലാണ് ബിജെപി രാഷ്ട്രീയത്തിൽ ആകൃഷ്ടനായി ജോർജ് കുര്യൻ എബിവിപിയിലേക്കെത്തുന്നത്. മാന്നാനവും നാട്ടകവുമൊക്കെയായിരുന്നു ആദ്യ തട്ടകം. ബിജെപിക്കു കോട്ടയം പോയിട്ട് കേരളത്തിൽ പോലും വളർച്ചയില്ലാത്ത കാലം. കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും കണ്ടുവളർന്ന കോട്ടയത്തെ ബന്ധുക്കളും ചില നാട്ടുകാരുമടക്കം പലരും ജോർജ് കുര്യന്റെ ബിജെപി അടുപ്പം കണ്ട് അമ്പരന്നു. ‘കൂട്ടം തെറ്റിപ്പോയ കുഞ്ഞാടിനെ’ നേർവഴിക്ക് നടത്താൻ വീട്ടുകാരെ ഉപദേശിച്ച അടുപ്പക്കാരും ധാരാളം.
കോട്ടയത്തെ ഊടുവഴികൾ പോലും ജോർജ് കുര്യന് കാണാപ്പാഠമാണ്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പാർട്ടി പ്രവർത്തകരെ പേരെടുത്ത് വിളിക്കാൻ കഴിയുന്ന ബന്ധവുമുണ്ട്. സാധാരണ കർഷക കുടുംബമായിരുന്നു ജോർജ് കുര്യന്റേത്. അമ്മയും അച്ഛനും ചെറുപ്പത്തിൽ തന്നെ മരിച്ചു. മൂത്ത സഹോദരന്മാരുടെ പിന്തുണയിലാണ് ജോർജ് കുര്യൻ വളർന്നതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനും ബിജെപി നേതാവുമായ നാരായണൻ നമ്പൂതിരി പറയുന്നു.
എളിമയാണ് കുര്യന്റെ മുഖമുദ്രയെന്ന് പാർട്ടി പ്രവർത്തകർ പറയും. ചാനലുകളുടെ ചർച്ചകളിലേക്കു പാർട്ടി പ്രതിനിധികളെ നിയോഗിക്കുന്നത് ജോർജ് കുര്യനാണ്. ഏതു ചാനലിന്റെ ചർച്ചയിൽ ആരു പോകണമെന്നതടക്കം തീരുമാനിക്കണം. പോകുന്നവർക്ക് അതാത് വിഷയങ്ങളെപ്പറ്റി കൃത്യമായ നിലപാടും പറഞ്ഞുകൊടുക്കും. പാർട്ടിയെ പ്രതിസന്ധിയിലാക്കാതിരിക്കാൻ വക്താക്കൾക്ക് അദ്ദേഹം പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിഷയങ്ങളിൽ ബിജെപി പ്രതിനിധികളെ വിളിച്ചാൽ അവർ പറയും; ‘കുര്യൻജിയോട് ഒന്നു ചോദിക്കുമോ...’. ജോർജ് കുര്യൻ സമ്മതിക്കില്ലെന്ന് വിളിക്കുന്ന ചാനലുകാർക്ക് നന്നായി അറിയാം. കുര്യന്റെ ഈ കർശന നിലപാട് തുടർന്നതിനു പിന്നാലെയാണ് ചാനലുകളിൽ ബിജെപിയെ പ്രതിനിധീകരിച്ച് നിരീക്ഷകർ കൂടുതൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പാർട്ടി നടപടികളിൽ ഒരുവിധത്തിലുള്ള പരാതിയും പരിഭവവും ഇല്ലാതിരുന്ന ജോർജ് കുര്യൻ, പാർട്ടിക്കു ദോഷം വരുന്ന ഒരുവാക്കു പോലും പൊതുമധ്യത്തിൽ പറഞ്ഞിട്ടുമില്ല.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യൻ നേരത്തേ സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർഥിയായിരുന്നു. ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഡൽഹിയിലെ മലയാളികളായ ബിജെപി പ്രവർത്തകരുടെ താവളമായിരുന്നു. നാട്ടിൽ നിന്നെത്തുന്ന പല സാധാരണക്കാരും അന്തിയുറങ്ങിയതും അവിടെത്തന്നെ.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധവും തുണയായി. ഇത്തവണ തൃശൂരിലടക്കം വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്കു ലഭിച്ചിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അതും സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിനു കാരണമായി.
ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായതിനു പിന്നാലെ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ജോർജ് കുര്യൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരനാകുന്നത്. അധികാരത്തർക്കത്തിലും സംസ്ഥാന ബിജെപിയിൽ മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിലും പക്ഷം പിടിക്കാൻ പോയില്ല. ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അംഗം കൂടിയാണ് ജോർജ് കുര്യൻ.
രാമജന്മഭൂമി പ്രശ്നം അടക്കം ബിജെപിയുടെ തീവ്ര നിലപാടുകളെ എല്ലാക്കാലത്തും ശക്തമായി പിന്തുണയ്ക്കുന്ന, അതിശക്തമായി ന്യായീകരിക്കുന്ന, ജോർജ് കുര്യൻ ആർഎസ്എസിനും പ്രിയപ്പെട്ട ന്യൂനപക്ഷ നേതാവാണ്. മണിപ്പുർ കലാപകാലത്തും പാർട്ടിയെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി. ബിജെപിക്ക് ഒരു ഓഫിസ് പോലും ഇല്ലാതിരുന്ന കാലത്ത് ജോർജ് കുര്യൻ തുടങ്ങിവച്ച നിശബ്ദ പ്രവർത്തനങ്ങൾക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ് കേന്ദ്രമന്ത്രി പദം.