ഹാരിസ് ബീരാൻ: സുപ്രീംകോടതി അഭിഭാഷകൻ, ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി∙ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്ന അഭിഭാഷകനാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധ നേടി. ഡല്‍ഹിയിൽ ലീഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതിയതായി ഡല്‍ഹിയില്‍ ഉയരുന്ന ലീഗ് ദേശീയ ആസ്ഥാനത്തിന്റെ മേല്‍നോട്ടവും വഹിക്കുന്നു.
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനറും ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്. പൗരത്വ വിഷയം, പ്രവാസി വോട്ടവകാശം, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയവ സുപ്രീം കോടതിയില്‍ വാദിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ് തീർഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.
കളമശേരി രാജഗിരിയിൽനിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും എറണാകുളം ഗവ. ലോ കോളജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവെയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ.ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രഫസര്‍ ടി.കെ.സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.