നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനം; മന്ത്രിയായി തുടരും: പോസ്റ്റിട്ട് സുരേഷ് ഗോപി
Mail This Article
ന്യൂഡൽഹി∙ നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്‌ബുക്കിൽ കുറിച്ചു.
കാബിനറ്റ് പദവി പ്രതീക്ഷിച്ചിട്ട് സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് പ്രതികരണം. ഏതു വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക എന്ന കാര്യത്തിൽ തീരുമാനം പുറത്തുവന്നിട്ടില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തിനു വഴങ്ങിയാണ് ഡൽഹിക്ക് തിരിച്ചത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.
സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.
സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി. ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.