ADVERTISEMENT

ന്യൂഡൽഹി∙  കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറാനുള്ള നീക്കവുമായി സുരേഷ് ഗോപി. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര േനതൃത്വത്തെ അറിയിച്ചു. തൃശൂരിൽനിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.

‘‘താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്’’– സുരേഷ് ഗോപി ‘മനോരമ ന്യൂസിനോട്’ പറഞ്ഞു.

ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകൾക്ക് കരാറിൽ ഏർപ്പെട്ട കാര്യം സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉൾപ്പെടെ 4 ചിത്രങ്ങളിൽ അഭിനയിക്കാൻ സുരേഷ് ഗോപി തയാറെടുക്കുകയാണ്. സിനിമകൾ മുടങ്ങിയാൽ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയിൽ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് അടുപ്പമുള്ളവരിൽ ചിലരും ഉപദേശിച്ചു. 

തൃശൂരിൽ ചരിത്ര വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചതോടെയാണ് സുരേഷ് ഗോപി സ്ഥാനമേറ്റെടുത്തത്. തൃശൂരിൽ രണ്ടു തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും പിൻമാറാതെനിന്നു നേടിയ ചരിത്രജയമാണ് കേന്ദ്രമന്ത്രി സ്ഥാനം സമ്മാനിച്ചത്.

English Summary:

Suresh Gopi Prioritizes Film Commitments Over Ministerial Duties: Inside the Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com