‘ഹെവിവെയ്റ്റ്’ മന്ത്രിസഭ, ഘടകകക്ഷികളും വരുതിയിൽ; ഇനി ആകാംക്ഷ വകുപ്പുവിഭജനത്തിൽ
Mail This Article
ന്യൂഡൽഹി ∙ അംഗങ്ങളുടെ കാര്യത്തിലും തുടർച്ച പ്രതിഫലിപ്പിക്കുന്നതാണ് മൂന്നാം മോദി മന്ത്രിസഭ. ‘ഹെവിവെയ്റ്റ്’ മന്ത്രിമാരൊക്കെ തുടരുന്നു. ആ ഗണത്തിൽപെടുന്ന പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും എച്ച്.ഡി.കുമാരസ്വാമിയും ജീതൻ റാം മാഞ്ചിയും ഉൾപ്പെടുമ്പോൾ അനുഭവസമ്പത്തെന്ന ബലവുമുണ്ട്. സഖ്യകക്ഷികളെ ആശ്രയിച്ചാണ് ഭരണഭൂരിപക്ഷം നേടിയതെങ്കിലും അവർക്കു കാര്യമായ തോതിൽ മന്ത്രിസ്ഥാനങ്ങൾ വിട്ടുനൽകാൻ ബിജെപി തയാറായില്ല.
-
Also Read
മോദി 3.0: അറിയാം പുതിയ മന്ത്രിമാരെ
വകുപ്പു വിഭജനത്തിലും അത്തരമൊരു സമീപനം സാധ്യമാകുമോയെന്നാണു കാണേണ്ടത്. കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൻസിപി വിട്ടുനിന്നതൊഴിച്ചാൽ, ഘടകക്ഷികളെ കൈകാര്യം ചെയ്യുന്നതിൽ ബിജെപി വിജയിച്ചിരിക്കുകയാണ്. എൻസിപിയുമായുണ്ടായിരിക്കുന്ന അകൽച്ച മഹാരാഷ്ട്രയിലെ സമവാക്യങ്ങളിലും പ്രതിഫലിക്കാം.
ഘടകക്ഷികളുടെ അംഗബലത്തിന് ആനുപാതികമായാണ് അവർക്കുള്ള മന്ത്രിസ്ഥാനവുമെന്നാണ് ആദ്യ നോട്ടത്തിൽ ലഭിക്കുന്ന സൂചന. എൻഡിഎയുടെ മൊത്തം അംഗബലത്തിന്റെ 18 ശതമാനമാണ് ഘടകക്ഷികൾ; മന്ത്രിസഭയിൽ ഇപ്പോൾ നൽകിയിരിക്കുന്ന പ്രാതിനിധ്യവും ഏതാണ്ട് അത്രതന്നെയാണ്. എന്നാൽ, അവർക്ക് ഇടം നൽകിയപ്പോൾ, തങ്ങളുടെ ക്വോട്ടയിൽ കുറവുവരുന്നില്ലെന്നും ബിജെപി ഉറപ്പാക്കി. 2019ൽ ഘടകക്ഷികളുടെ രണ്ടു പേരുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരായിരുന്നു. ഇത്തവണ ഘടകക്ഷികളിൽനിന്ന് 5 പേരെ ഉൾപ്പെടുത്തിയപ്പോൾ കാബിനറ്റിന്റെ അംഗബലം 30 ആക്കി.
ഓരോ സംസ്ഥാനത്തെയും ബിജെപിയുടെ പ്രകടനത്തിന് ആനുപാതികമായാണ് മന്ത്രിസ്ഥാനങ്ങളുടെ എണ്ണമെന്നു തീർത്തുപറയാനാവില്ല. ഒരു സീറ്റ് മാത്രം ലഭിച്ച കേരളത്തിൽനിന്നു രണ്ടു പേർ സഹമന്ത്രിമാരായതും ആരും ജയിക്കാത്ത തമിഴ്നാടിന് കാബിനറ്റിലുള്ള പ്രാതിനിധ്യം തുടരുന്നതും ഉദാഹരണം. യുപിയിൽനിന്നു കഴിഞ്ഞതവണ 14 മന്ത്രിമാരുണ്ടായിരുന്നു; ഇപ്പോഴത് ഒൻപതായി. ബിജെപി 5 സീറ്റ് മാത്രം ജയിച്ച ഹരിയാനയിൽനിന്നു മൂന്നു മന്ത്രിമാരുണ്ട്; 7 സീറ്റും നിലനിർത്തിയ ഡൽഹിയിൽനിന്ന് ഒരാൾമാത്രം. ആകെ നാലു സീറ്റുള്ള ഹിമാചലിൽനിന്നു രണ്ടു മന്ത്രിമാർ വേണ്ടെന്നതാണ് അനുരാഗ് ഠാക്കൂർ ഒഴിവാക്കപ്പെട്ടതിനു സൂചിപ്പിക്കുന്ന കാരണം. സ്മൃതി ഇറാനി ഉൾപ്പെടെ പുറത്താവുന്ന പലർക്കും സംഘടനയിൽ ചുമതലകൾ നൽകിയേക്കും.
നഡ്ഡയുടെ പിൻഗാമി: പേരുകളുയരുന്നു
നഡ്ഡ സ്ഥാനമൊഴിയുമ്പോൾ ബിജെപി അധ്യക്ഷസ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്ന പേരാണ് ശിവരാജ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ധർമേന്ദ്ര പ്രധാൻ എന്നിവരുടേത്. മൂന്നുപേരും മന്ത്രിമാരായി. ബിജെപി അധ്യക്ഷസ്ഥാനത്തേക്കു മറ്റൊരാളെ പരിഗണിക്കുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ തുടങ്ങിയ പേരുകൾ സൂചിപ്പിക്കപ്പെടുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷർ മന്ത്രിസഭയിലെത്തിയതിനാൽ ബംഗാൾ, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലും നേതൃതല അഴിച്ചുപണിക്കു വഴിയൊരുങ്ങി. ഒഡീഷയിൽ മുഖ്യമന്ത്രിസാധ്യത സൂചിപ്പിക്കപ്പെട്ടിരുന്നയാളാണ് ധർമേന്ദ്ര പ്രധാൻ. അദ്ദേഹം മന്ത്രിയായതോടെ, ബൈജയന്ത് പാണ്ഡ, ലോക്സഭാംഗം പ്രതാപ് സാരംഗി, കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ ജി.സി.മുർമു, നിയമസഭാംഗം മോഹൻ ചരൺ മാജി തുടങ്ങിയ പല പേരുകൾ ചർച്ചയിലുണ്ട്.