ജോസ് കെ.മാണിയുമായി എന്നും ഉടക്ക്; ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കി സിപിഎം
Mail This Article
പാലാ∙ നഗരസഭയിലെ നഗരസഭാ കക്ഷി നേതാവായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി സിപിഎം. അച്ചടക്ക ലംഘനത്തിനാണു പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ഇതു സംബന്ധിച്ചു പത്രക്കുറിപ്പും പുറത്തിറക്കി.
ജോസ് കെ.മാണിയുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോൺഗ്രസിനും (എം) ഒരേ സമയം തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ ബിനു ഈ കൗൺസിലിൽ പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചത്. പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗമാണ്. മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തിൽ വരെ സമ്മർദം ചെലുത്തിയിരുന്നു.
കേരള കോൺഗ്രസ് (എം) തന്റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ച് 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസിനു (എം) സിപിഎം രാജ്യസഭാ സീറ്റ് നൽകിയ നടപടിയിൽ പരിഹാസ സ്വരവുമായി ബിനു രംഗത്ത് എത്തിയിരുന്നു. ഇതോടെയാണു പാർട്ടിയിൽ നിന്നു പുറത്താക്കാൻ തീരുമാനിച്ചത്. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിനു ജില്ലാ കമ്മിറ്റി അംഗീകാരം നൽകിയെന്നു സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു.