‘എണ്ണവിതരണ കമ്പനികളിലെ ഓഹരി വിൽക്കുന്നില്ല: ബിപിസിഎല്‍ പൊതുമേഖലാ കമ്പനിയായി തുടരും’
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍റേഷന്‍റെ (ബിപിസിഎല്‍) ഓഹരികള്‍ വിൽക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായി ചുമതലയേറ്റ ഹര്‍ദീപ് സിങ് പുരി. തൃശൂർ എംപിയായ സുരേഷ് ഗോപി ഈ മന്ത്രാലയത്തിലെ സഹമന്ത്രിയാണ്.
ബിപിസിഎലിലെയോ മറ്റു രണ്ട് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്പിസിഎല്‍ എന്നിവയിലെയോ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റൊഴിക്കാന്‍ ആലോചിക്കുന്നില്ലെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം 2030 ഓടെ യാഥാർഥ്യമാക്കണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. എന്നാല്‍, 2025 ഓടെ തന്നെ ഈ ലക്ഷ്യം നേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാളിയ ഓഹരി വില്‍പന
കൊച്ചിയിലടക്കം റിഫൈനറിയുള്ള (എറണാകുളം അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറി) ബിപിസിഎലില്‍ കേന്ദ്രത്തിന് 52.98% ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് പൂര്‍ണമായി വിറ്റൊഴിച്ച് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ 2019 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഓഹരി വാങ്ങാന്‍ താൽപര്യമറിയിച്ച് മൂന്നു കമ്പനികൾ രംഗത്തെത്തി. ഖനന രംഗത്തെ വേദാന്ത, യുഎസ് വെഞ്ച്വര്‍ഫണ്ടുകളായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്‍റ്, ഐ സ്ക്വയേഡ് കാപ്പിറ്റല്‍ അഡ്വൈസേഴ്സ് എന്നിവയായിരുന്നു അവ. രണ്ട് യുഎസ് കമ്പനികളും പിന്നീട് പിന്മാറി. കൂടുതല്‍ കമ്പനികള്‍ താൽപര്യമറിയിക്കാത്ത സാഹചര്യത്തിൽ ബിപിസിഎല്‍ ഓഹരി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതായി കേന്ദ്രം 2022ല്‍ വ്യക്തമാക്കി.