ADVERTISEMENT

കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച ഇസിഐആർ റജിസ്റ്റർ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകും. 

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ കേസിൽ നിർമാതാക്കൾ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്. 

സിനിമ മേഖലയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി നേരത്തേതന്നെ നിർമാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്. സിനിമ വൻ വിജയം നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നു. സിറാജ് ഹമീദിന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കേസെടുത്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയിലാണ്.

ഇതിനിടെ പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർമാതാക്കൾ കരുതിക്കൂട്ടിത്തന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. ഏഴു കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു പരാതിക്കാരനുമായി നിർമാണ കമ്പനി ഉണ്ടാക്കിയ കരാർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നായിരുന്നു 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ നിർമാതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ മാത്രമാണ് കഴിഞ്ഞിരുന്നത്.

26 തവണയായി 5.99 കോടി രൂപ അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി ആകെ 7 കോടി രൂപ പരാതിക്കാരൻ നിർമാതാക്കൾക്ക് നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽനിന്നും ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ മാത്രമാണ് ചെലവായിട്ടുള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയ്ക്ക് 250 കോടി രൂപയെങ്കിലും കുറഞ്ഞത് കിട്ടിയിട്ടുണ്ടെന്നും നിർമാണച്ചെലവുകൾ കുറച്ചാൽ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നുമാണ് സിറാജിന്റെ വാദം.

English Summary:

ED Probe in Manjummel Boys Financial Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com