‘കാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഐക്ക് ഒരൊറ്റ പക്ഷം; പ്രകാശ് ബാബു രാജ്യസഭ സീറ്റിന് അർഹൻ’
Mail This Article
കോട്ടയം∙ ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ നയങ്ങൾക്ക് അനുസരിച്ച് പാർലമെന്റിൽ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് സിപിഐയുടെ രാജ്യസഭ സ്ഥാനാർഥി പി.പി.സുനീർ. സിപിഐ എക്സിക്യൂട്ടീവിൽ പല പേരുകൾ ചർച്ച ചെയ്തിട്ടാണ് തന്നെ സ്ഥാനാർഥിയായി തീരുമാനിച്ചത്. പ്രകാശ് ബാബു രാജ്യസഭ സീറ്റിന് അർഹനാണ്. എംഎൽഎയായി പ്രവർത്തിച്ച് കഴിവ് തെളിയിച്ച സഖാവാണ് പ്രകാശ് ബാബു. രാജ്യസഭ സീറ്റിന് അർഹരല്ലാത്തവരായി ആരുമില്ല. കാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒക്കെ പാർട്ടി പക്ഷമേ സിപിഐക്കുള്ളൂ. സിപിഐയുടെ ആലപ്പുഴ, തിരുവനന്തപുരം ഘടകങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും പി.പി. സുനീർ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
∙ സിപിഐ നൽകിയ ഈ രാജ്യസഭ സ്ഥാനാർഥിത്വത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
പാർട്ടി വലിയൊരു അംഗീകാരവും ഉത്തരവാദിത്തവുമാണ് ഏൽപ്പിക്കുന്നത്. പാർട്ടി സഖാക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തിക്കും. ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ നയങ്ങൾക്ക് അനുസരിച്ച് പാർലമെന്റിൽ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സംസ്ഥാന സർക്കാരിനൊപ്പം നിന്ന് സംസ്ഥാന താൽപര്യങ്ങൾക്കു വേണ്ടി പാർലമെന്റിൽ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
∙ മൂന്നാം മോദി സർക്കാർ അധികാരമേൽക്കുന്ന സമയത്തു തന്നെയാണല്ലോ രാജ്യസഭയിലേക്കുള്ള പ്രവേശനവും?
ഇന്ത്യ മുന്നണി ശക്തമായി ഉയർന്നുവന്ന ഒരു സമയം കൂടിയാണല്ലോ ഇത്. രാജ്യസഭയിലും ലോക്സഭയിലും അതിന്റെ പ്രതിഫലനമുണ്ടാകും. ഇടതുപക്ഷ പാർട്ടികളിലെ മറ്റു മെംബർമാരുമായി ആലോചിച്ച് പൊതുവായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകും.
∙ രാജ്യസഭ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായി ചേർന്ന സിപിഐ എക്സിക്യൂട്ടിവിൽ താങ്കളുടെ പേരിനെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നല്ലോ? അതിൽ വാസ്തവമുണ്ടോ?
പല താൽപര്യങ്ങൾക്കായി ഒരു വാർത്ത പല രീതിയിലാണല്ലോ കൊടുക്കുന്നത് (പൊട്ടിച്ചിരിക്കുന്നു). രണ്ടും മൂന്നും അഭിപ്രായങ്ങളൊക്കെ പാർട്ടിയിൽ എല്ലാക്കാലത്തുമുണ്ടാകും. ആദ്യമായിട്ടൊന്നുമല്ലല്ലോ ഇത്. പല പേരുകൾ ചർച്ച ചെയ്തിട്ടാണ് ഒരു പേര് തീരുമാനിക്കുന്നത്.
∙ രാജ്യസഭാ സീറ്റിന് പ്രകാശ് ബാബു അർഹനായിരുന്നോ?
എല്ലാവരും അർഹരാണ്. അനർഹരായി ആരാണുള്ളത്? പ്രകാശ് ബാബു എംഎൽഎയായി പ്രവർത്തിച്ച് കഴിവ് തെളിയിച്ച സഖാവാണ്. കഴിവിലൊന്നും ആർക്കും ഒരു കുറവുമില്ല.
∙ കാനം പക്ഷം ഇപ്പോഴും സിപിഐയിലുണ്ടോ?
ഒറ്റ പക്ഷമേയുള്ളൂ, പാർട്ടി പക്ഷം. കാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒക്കെ ആ ഒരു പക്ഷമേയുള്ളൂ. പിന്നെ സമ്മേളനങ്ങളിലും കമ്മിറ്റികളിലുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളും ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പുമൊക്കെ വരും.
∙ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ്. ഇനിയിപ്പോൾ പാർലമെന്റിൽ പോകുമ്പോൾ അദ്ദേഹത്തിനൊപ്പമാണല്ലോ പ്രവർത്തിക്കേണ്ടത്?
രാഹുൽ ഗാന്ധിക്കെതിരെയല്ല മത്സരിച്ചത്. രാഷ്ട്രീയ മത്സരമായി അതിനെ കണ്ടാൽ മതി.
∙ പൊന്നാനിയിൽ രണ്ടു തവണ താങ്കൾ മത്സരിച്ചു, പിന്നെ വയനാട്ടിലും. മൂന്നു മത്സരവും ദേശീയ നേതാക്കൾക്കെതിരെ വിജയിക്കാൻ പ്രയാസമുള്ള മണ്ഡലങ്ങളിലായിരുന്നു. ആ ത്യാഗത്തിന് ലഭിച്ച അംഗീകാരം കൂടിയാണോ ഈ സീറ്റ് ?
ഞാൻ വളരെ ചെറുപ്പത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പൊതുപ്രവർത്തനമാണ്. ഒരുപാട് സ്ഥാനങ്ങൾ പാർട്ടി തന്നു. രണ്ടു തവണ കാലിക്കറ്റ് സർവകലാശാല യൂണിയന്റെ വൈസ് ചെയർമാനായിരുന്നു. രാജ്യസഭാ സീറ്റിനു വേണ്ടി പാർട്ടിയിൽ വന്നയാളല്ല ഞാൻ. പലരും അങ്ങനെ വ്യാഖ്യാനിക്കുന്നുണ്ട്. 1950കൾ മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മെംബർഷിപ്പുള്ള ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. മലപ്പുറത്തും മലബാറിലുമൊക്കെ അത് അപൂർവമായേ ഉള്ളൂ. ആ രാഷ്ട്രീയം ഇന്നുവരെയും ഉയർത്തിപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെതന്നെ മുന്നോട്ടുപോകും.
∙ രാഹുൽഗാന്ധി വയനാട്ടിലെ എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് കേൾക്കുന്നത്. അത് ശരിയായ തീരുമാനമായി കരുതുന്നുണ്ടോ?
അത് ശരിയായ രാഷ്ട്രീയ നിലപാടല്ല. ഇവിടെ മത്സരിക്കുന്ന സമയത്ത് രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നില്ല. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് രണ്ടാമത്തെ സീറ്റിൽ മത്സരിക്കുമെന്ന് പറയുന്നത്. അതൊന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേർന്നതല്ല. രാഹുൽ ഗാന്ധി പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ തീരുമാനങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടയാളല്ല. രാഹുൽ ഗാന്ധി ഇവിട മത്സരിക്കരുതെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. അമേഠിയിൽ തന്നെ മത്സരിച്ച് ജയിക്കേണ്ടതായിരുന്നു. എന്നാൽ അത് മുന്നണിക്കും അദ്ദേഹത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുമായിരുന്നു. പക്ഷെ ആ നിലപാട് അദ്ദേഹം സ്വീകരിച്ചില്ല.
∙ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇപ്പോഴത്തെ ആവശ്യം
വേറെയൊന്നും പറയാനുള്ള മുഖം കേരളത്തിലെ കോൺഗ്രസിനില്ല. വ്യക്തമായ രാഷ്ട്രീയവും അവർക്കില്ല. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് രക്ഷപ്പെട്ട് പോകണമെന്ന ചിന്തയേയുള്ളൂ. അതിനു മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്.
∙ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സീറ്റുകളിലും സിപിഐ പരാജയപ്പെട്ടു. ആ തോൽവിയെ എങ്ങനെ വിലയിരുത്തുന്നു?
സിപിഐ മാത്രമല്ല ഇടതുപക്ഷം മൊത്തത്തിൽ പരാജയപ്പെട്ടല്ലോ. 2019ലും ഉണ്ടായ പരാജയം തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. അതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. പൊതുവെ പാർലമെന്റ് തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാണ്. പ്രത്യേകിച്ച് ഒറ്റ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് വേണമെന്ന ആഗ്രഹമാണ് കേരളത്തിലെ ജനങ്ങൾ കാണിച്ചത്.
∙ അങ്ങനെ പറയുമ്പോഴും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയെ തള്ളിക്കളയാനാകുമോ?
ബിജെപിയുടെ വളർച്ച അപകടസൂചനയാണ്. കേരളത്തിന്റെ മതേതര പാരമ്പര്യത്തിനു യോജിച്ചതല്ല ബിജെപിയുടെ വളർച്ച. മതേതര വിശ്വാസികളാണ് കേരളത്തിലെ വികസനത്തിന്റെയും പൊതുവായ അന്തരീക്ഷത്തിന്റെയും അടിത്തറ. അവർ ആ അപകടം തിരിച്ചറിഞ്ഞ് വഴിമാറി സഞ്ചരിക്കുമെന്നാണ് കരുതുന്നത്.
∙ സിപിഐയുടെ ആലപ്പുഴ, തിരുവനന്തപുരം ഘടകങ്ങൾ മുഖ്യമന്ത്രി മാറണമെന്ന് തിരഞ്ഞെടുപ്പിനു ശേഷം വിലയിരുത്തൽ നടത്തിയിട്ടുണ്ടല്ലോ. അങ്ങനെയൊരു അഭിപ്രായം താങ്കൾക്കുമുണ്ടോ
സിപിഐയുടെ ആലപ്പുഴ, തിരുവനന്തപുരം ഘടകങ്ങൾ അല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതൊന്നും വലിയ വിഷയമാക്കേണ്ട. അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാകും. അതൊന്നും വ്യക്തിപരമായല്ല. പാർട്ടി ഘടകങ്ങളിൽ അഭിപ്രായങ്ങൾ വരും. അതൊന്നും മാധ്യമങ്ങളോട് വിളിച്ചു പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ആരാവണം എന്നൊക്കെ സിപിഐ തീരുമാനിക്കേണ്ട കാര്യമില്ല.