നഡ്ഡയ്ക്ക് പകരം പരിഗണനയിൽ 4 പേരുകൾ; സർപ്രൈസ് എൻട്രിയായി വരുമോ സ്മൃതി ഇറാനി?
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര മന്ത്രിസഭയിലേക്ക് പ്രവേശനം നേടിയ ജെ.പി.നഡ്ഡ സ്ഥാനമൊഴിയുമ്പോൾ ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് ആരെന്ന് ഉറ്റുനോക്കി പാർട്ടി പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വന്ന് ആദ്യ ഘട്ടത്തിൽ ധർമേന്ദ്ര പ്രധാൻ, ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരുടെ പേരുകൾ ഉയർന്നുവെങ്കിലും ഇരുവർക്കും കാബിനറ്റ് ബെർത്ത് ലഭിച്ചതോടെ അതുമങ്ങി. നിലവിൽ വിനോദ് താവ്‌ഡെ, കെ. ലക്ഷ്മൺ, സുനിൽ ബൻസാൽ, ഓം മാത്തൂർ എന്നിവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അതേസമയം, വനിതാ അധ്യക്ഷയ്ക്കുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നു.
∙ വിനോദ് താവ്‌ഡെ
മഹാരാഷ്ട്ര മുൻ മന്ത്രിയും ബിജെപിയുടെ ജനറൽ സെക്രട്ടറിയുമാണ് വിനോദ് താവ്ഡെ. ബി.എൽ. സന്തോഷിനുശേഷം ബിജെപിയിൽ ശക്തമായ സ്വാധീനമുള്ളയാളുമാണ്. അധ്യക്ഷപദവിയിൽ എത്തിയാൽ മറാഠ വികാരവും പരിഗണിച്ചെന്നു നേതൃത്വത്തിനു പറയാം.
∙ കെ. ലക്ഷ്മൺ
ബിജെപിയുടെ ഒബിസി മോർച്ച അധ്യക്ഷനാണ് തെലങ്കാനയിലെ മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ കെ. ലക്ഷ്മൺ. ദക്ഷിണേന്ത്യയിൽ തെലങ്കാനയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കെ. ലക്ഷ്മണിന്റെ പദവി പാർട്ടിക്ക് ഉപകാരപ്പെടും.
∙ സുനിൽ ബൻസാൽ
നിലവിൽ പാർട്ടി ജനറൽ സെക്രട്ടറിയായ ബൻസാൽ ബംഗാൾ, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും വഹിക്കുന്നുണ്ട്. യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ (സംഘടനാകാര്യം) നടത്തിയ ഇടപെടലുകൾ യുപി രാഷ്ട്രീയത്തിൽ അദ്ദേഹത്തെ പ്രധാന ശക്തിയാക്കി മാറ്റിയിട്ടുണ്ട്. ആർഎസ്എസിന്റെ ശക്തമായ പിന്തുണ ബൻസാലിനുണ്ടാകുമെന്നാണ് റിപ്പോർട്ട്.
∙ ഓം മാത്തൂർ
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗം. ആർഎസ്എസ് പ്രചാരക് ആയ അദ്ദേഹത്തിന് ഗുജറാത്തിന്റെ ചുമതല കൂടിയുണ്ടായിരുന്നു.
∙ വരുമോ സർപ്രൈസ്?
ഇന്ത്യയുടെ ആദ്യ ദലിത് വനിതാ രാഷ്ട്രപതിയെ കൊണ്ടുവന്നതുപോലെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു വനിതയെയും കൊണ്ടുവരുമോയെന്നും ഉറ്റുനോക്കപ്പെടുന്നു. സ്ത്രീ വോട്ടർമാരിലേക്കു കൂടുതൽ ഇറങ്ങിച്ചെല്ലാൻ ഈ നീക്കം സഹായിക്കുമോയെന്നും പരിഗണിക്കുന്നുണ്ട്. അമേഠിയിൽ മത്സരിച്ചു പരാജയപ്പെട്ട സ്മൃത ഇറാനി ഉൾപ്പെടെയുള്ളവരുടെ പേരാണ് ഉയർന്നു വരുന്നത്. ആദ്യ രണ്ടു മോദി മന്ത്രിസഭകളിലും അംഗമായിരുന്ന സ്മൃതി ഇറാനി, പ്രധാനമന്ത്രിയുടെ വിശ്വസ്തയുമാണ്.