മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ദർശനും പവിത്രയും; 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Mail This Article
ബെംഗളൂരു ∙ സിനിമകളിൽ കരുത്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ കന്നഡ നടൻ ദർശൻ തൊഗുദീപ, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കോടതിയിൽവച്ച് പലവട്ടം കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പൊലീസുകാർ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും.
അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി ദർശന്റെ കടുത്ത ആരാധകനാണെന്നും അതിരു കവിഞ്ഞ ആരാധന കാരണമാണ് പവിത്രയുമായുള്ള നടന്റെ സൗഹൃദത്തെ എതിർത്തതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കമന്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.