വ്യാപാരിയെ കൊല്ലത്തേക്കു വിളിച്ചുവരുത്തി വജ്രങ്ങളും സ്വർണവും തട്ടിയെടുത്തു: 5 പേർ കൂടി കസ്റ്റഡിയിൽ
Mail This Article
എടപ്പാൾ (മലപ്പുറം) ∙ ജുവലറി ജീവനക്കാരനെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ 5 പേരെക്കൂടി പിടികൂടി. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു.
കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു ജുവലറി ജീവനക്കാരനിൽനിന്ന് സ്വർണവും വജ്രവും തട്ടിയെടുത്തത്. കവർച്ചാസംഘത്തിലെ ഫൈസൽ, നിജാദ്, അഫ്സൽ, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ ഓടി രക്ഷപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം എച്ച് ആൻഡ് സി കോളനിനിവാസികളാണ് പിടിയിലായവർ. തൃശൂർ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.
ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടർന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നറിഞ്ഞത്. തുടർന്നു ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ്ഐ ദിൽജിത്, പൊലീസ് ഓഫിസർമാരായ ഷഫീക്, അനു, അജയകുമാർ, ഷൈജു, രമേശൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.