ADVERTISEMENT

ന്യൂഡൽഹി∙ നികുതിവെട്ടിപ്പ് തടയാനുള്ള നടപടികളുടെ ഭാഗമായി സ്വര്‍ണാഭരണ ഇറക്കുമതിക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. നേരത്തെ 'സ്വതന്ത്ര' (ഫ്രീ) ശ്രേണിയില്‍ ഇറക്കുമതി ചെയ്യാമായിരുന്ന ഒരു വിഭാഗം സ്വര്‍ണാഭരണങ്ങളെ 'നിയന്ത്രിത' (റെസ്ട്രിക്റ്റഡ്) ശ്രേണിയിലേക്കു മാറ്റിയാണു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്‍റെ (ഡിജിഎഫ്‍ടി) ഉത്തരവ്. അതായത്, ഇനിമുതല്‍ ഇത്തരം ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ മന്ത്രാലയത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണം. ഉത്തരവ് ഇന്നലെ പ്രാബല്യത്തില്‍ വന്നു. മുത്തുകള്‍ (പേൾസ്), വജ്രങ്ങള്‍ (ഡയമണ്ട്സ്), അര്‍ധ അമൂല്യരത്നങ്ങള്‍ (സെമി-പ്രഷ്യസ് സ്റ്റോണ്‍സ്) എന്നിവ പതിച്ച സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതിക്കാണ് നിയന്ത്രണം. 

എന്തുകൊണ്ട് നിയന്ത്രണം?

ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്‍റെ ആനുകൂല്യങ്ങള്‍ മുതലെടുത്ത് ഇന്തൊനീഷ്യയില്‍നിന്ന് നികുതിരഹിതമായി ഇന്ത്യയിലേക്ക് ഇത്തരം സ്വര്‍ണാഭരണങ്ങള്‍ വന്‍തോതില്‍ എത്തുന്നതാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളെന്നോണം ഇത്തരത്തില്‍ നികുതിയില്ലാതെ സ്വര്‍ണം ഇറക്കുമതി ചെയ്യുകയും അവ ഉരുക്കി സ്വര്‍ണാഭരണങ്ങളാക്കി ആഭ്യന്തര വിപണിയില്‍ ഉയര്‍ന്ന വിലയ്ക്കു വിറ്റു ലാഭം നേടുകയും ചെയ്യുന്ന പ്രവണതയും സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കു നയിച്ചെന്നാണു വിലയിരുത്തല്‍.

ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ 15 ശതമാനം തീരുവയാണ് കേന്ദ്രം ഈടാക്കുന്നത്. ഇന്ത്യ-ആസിയാന്‍ കരാര്‍പ്രകാരം ഇറക്കുമതി ചെയ്യുമ്പോള്‍ ഇത് നല്‍കേണ്ടെന്ന വ്യവസ്ഥയാണ് ചിലര്‍ മുതലെടുക്കുന്നതെന്നും കേന്ദ്രം വിലയിരുത്തുന്നു. അതേസമയം, ഇന്ത്യയും യുഎഇയും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) പ്രകാരമുള്ള താരിഫ് റേറ്റ് ക്വോട്ട (ടിആര്‍ക്യു) പ്രകാരം ഇത്തരം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ബാധകമല്ലെന്നും ഡിജിഎഫ്‍ടിയുടെ ഉത്തരവിലുണ്ട്.

English Summary:

Government Tightens Rules on Import of Gold Jewellery Studded with Pearls and Diamonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com