ADVERTISEMENT

കോഴിക്കോട് ∙ ക്യാംപസിനുള്ളിലെ 1.8 കിലോമീറ്റർ നീളമുള്ള റോഡിന്റെ പേരിൽ കോഴിക്കോട് എൻഐടിയും പൊതുമരാമത്തു വകുപ്പും (പിഡബ്ല്യുഡി) തമ്മിൽ തർക്കം. റോഡിൽ ക്യാംപസ് ഭാഗത്ത് അതിക്രമിച്ചു കടക്കരുതെന്ന് എൻഐടി ബോർഡ് സ്ഥാപിച്ചു. ബോർഡ് നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എൻഐടിക്കു കത്തു നൽകി. റോഡ് തങ്ങളുടേതാണെന്ന് പൊതുമരാമത്ത് വകുപ്പ് കത്തിൽ അറിയിച്ചിട്ടുണ്ട്. ബോർഡ് നീക്കാൻ എൻഐടി അധികൃതർ തയാറായില്ല. ഇന്നലെ രാത്രി പത്ത് മണിയോടെ എൻജിനീയർ, പഞ്ചായത്ത് പ്രസിഡന്റ്, നാട്ടുകാർ എന്നിവർ ചേർന്ന് ബോർഡ് പിഴുതുമാറ്റി. വർഷങ്ങളായി ഉപയോഗിച്ച് വരുന്ന റോഡിൽ എൻഐടി ബോർഡ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരും പ്രക്ഷോഭത്തിനിറങ്ങി.

വിഷയം ചർച്ച ചെയ്യുന്നതിനു പഞ്ചായത്ത് അടിയന്തര സർവകക്ഷി യോഗം വിളിച്ചു. കട്ടാങ്ങലിൽ നിന്നും പന്ത്രണ്ടാം മൈൽ വരെയുള്ള റോഡ് എൻഐടിയുെട വസ്തുവാണെന്നാണ് അറിയിച്ചാണ് രണ്ട് സ്ഥലത്ത് ബോർഡ് സ്ഥാപിച്ചത്. സംസ്ഥാന പാത എസ്എച്ച് 83 ൽ കോഴിക്കോട്–കുന്നമംഗലം–മുക്കം–തിരുവമ്പാടി റോഡിന്റെ എൻഐടിയുെട സമീപത്തുകൂടി കടന്നുപോകുന്ന ഭാഗമാണ് തർക്കത്തിൽ. നൂറു വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രധാനമുള്ള റോഡാണിത്. കുന്നമംഗലത്തെ അഗസ്ത്യൻമുഴിയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയുമാണിത്. എൻഐടി വരുന്നതിന് മുൻപ് തന്നെ ഉപയോഗിക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ബസ് സർവീസ് നടത്തുന്ന റൂട്ടുകളിലൊന്നാണിത്. 

∙ നടപടി സുരക്ഷയ്ക്കെന്ന് എൻഐടി

2003ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് റോഡിൽ അവകാശവാദം ഉന്നയിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. അറ്റകുറ്റപ്പണി നടത്തുന്നത് പിഡബ്ല്യുഡി ആണെങ്കിലും ഉടമസ്ഥത എൻഐടിക്കാണ്. ക്യാംപസിൽ പുറത്തുനിന്നുള്ള ഇടപെടൽ ഒഴിവാക്കി കൂടുതൽ സുരക്ഷിതത്വത്തോടെ അടച്ച ക്യാംപസാക്കി സാമൂഹിക വിരുദ്ധരിൽനിന്നു സംരക്ഷിക്കുകയാണ് ലക്ഷ്യം. പഴയ ആർഇസിയുെട അതിർത്തി വഴി ഗതാഗതം തിരിച്ചുവിടുന്നതിനെ എൻഐടി ഒരിക്കലും എതിർത്തിട്ടില്ലെന്നും എൻഐടിയുടെ വിശദീകരണക്കുറുപ്പിൽ പറയുന്നു. ബോർഡ് എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നു പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ എൻഐടി ഡയറക്ടർക്കു നിർദേശം നൽകി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാന പാതയിൽ അനധികൃതമായി ബോർഡ് സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബോർഡ് രണ്ട് ദിവസത്തിനകം നീക്കണം. അല്ലാത്തപക്ഷം ബോർഡ് പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണെന്നാണ് എൻഐടി ഡയറക്ടർക്കു നൽകിയ കത്തിൽ പറയുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. ‘100 വർഷം മുൻപുതന്നെ ഈ റോഡുണ്ടായിരുന്നു. 1962ൽ ആർഇസി തുടങ്ങിയത് ഈ റോഡിന് വശത്തായാണ്. 2002 ലാണ് എൻഐടി എന്നു പേരു മാറ്റിയത്. പിന്നീടാണ് ഹോസ്റ്റൽ, ഡയറക്ടർ ബംഗ്ലാവ് ഉൾപ്പെടെയുള്ളവ നിർമിച്ചത്. തുടർന്നു ക്യാംപസ് റോഡിന് ഇരുവശത്തുമുള്ള സ്ഥലങ്ങളിലേക്ക് വികസിപ്പിക്കുകയായിരുന്നു– ഗഫൂർ പറഞ്ഞു. 

English Summary:

Dispute Erupts Between Kozhikode NIT and PWD Over 1.8 km Campus Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com