വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതു ദൗര്‍ഭാഗ്യകരം; സീറ്റ് ലഭിക്കാത്തതല്ല പ്രശ്നം: വി.ശിവന്‍കുട്ടി
Mail This Article
തിരുവനന്തപുരം ∙ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്എന്‍എം എച്ച്എസ്എസിൽനിന്നു പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതു ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിക്കു പ്ലസ് വണിൽ സീറ്റ് ലഭിക്കാത്ത പ്രശ്നമല്ല കാരണമാണു പ്രാഥമിക നിഗമനമെന്നു മന്ത്രി പറഞ്ഞു.
ഒന്നാം ഘട്ട അലോട്ട്മെന്റ് മാത്രമാണു പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാംഘട്ട അലോട്ട്മെന്റ് ഇന്നു മുതല്‍ ആരംഭിക്കും. കമ്യൂണിറ്റി ക്വോട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് ആരംഭിക്കുന്നത്. മിക്കവാറും എല്ലാവര്‍ക്കും മൂന്നാമത്തെ അലോട്ട്മെന്റോടെ സീറ്റുകള്‍ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകളും ഉണ്ടാകും. ജൂണ്‍ 24ന് മാത്രമാണ് ക്ലാസുകള്‍ ആരംഭിക്കുക. അതിനു മുന്നോടിയായി തന്നെ എല്ലാ കുട്ടികള്‍ക്കും വിവിധ കോഴ്സുകളില്‍ പ്രവേശനം ഉറപ്പാക്കും.
ഇതൊന്നും കാത്തു നില്‍ക്കാതെ കുട്ടി വിട പറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച അനാവശ്യ ചര്‍ച്ചയിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാക്കരുതെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. പരപ്പനങ്ങാടി പുതാരിക്കലില്‍ ഇന്നലെയാണ് ഹാദി റുഷ്ദ എന്ന പതിനാറുകാരി ജീവനൊടുക്കിയത്. പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതിരുന്നതില്‍ കുട്ടി മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.