ADVERTISEMENT

കോട്ടയം∙ സമ്പാദ്യം വളര്‍ത്താന്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെ ചേര്‍ത്തുപിടിച്ചിരുന്നവര്‍ എന്ന പ്രതിച്ഛായ മലയാളികള്‍ മാറ്റിത്തുടങ്ങിയതായി മ്യൂച്വൽ ഫണ്ടുകളില്‍നിന്നുള്ള പുതിയ കണക്കുകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ചിട്ടിയും സ്ഥിരനിക്ഷേപങ്ങളും (എഫ്‍ഡി) സ്വര്‍ണവും ഭൂമിയുമായിരുന്നു മലയാളിക്കു പ്രിയമെങ്കില്‍ ഇപ്പോഴത് മ്യൂച്വല്‍ഫണ്ടുകള്‍ക്കു വഴിമാറിത്തുടങ്ങിയിരിക്കുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കഴിഞ്ഞമാസത്തെ (മേയ്) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ടുകളില്‍ കേരളത്തില്‍നിന്നുള്ള മൊത്തം നിക്ഷേപ ആസ്തി (എയുഎം) 69,484 കോടി രൂപയായി ഉയര്‍ന്നു. ഏപ്രിലിലെ 67,966 കോടി രൂപയില്‍നിന്നാണ് വളര്‍ച്ച. 

കഴിഞ്ഞവര്‍ഷം മേയില്‍ കേരളത്തില്‍നിന്നുള്ള എയുഎം 49,922 കോടി രൂപയായിരുന്നു. 10 വര്‍ഷം മുമ്പ് (2014 മെയ്) 7,161 കോടി രൂപ മാത്രമായിരുന്ന മൊത്തം നിക്ഷേപ ആസ്തിയാണ് കേരളീയര്‍ കഴിഞ്ഞമാസത്തോടെ 70,000 കോടി രൂപയ്ക്കടുത്തേക്ക് ഉയര്‍ത്തിയത്. 5 വര്‍ഷം മുമ്പ് (2019 മേയ്) ഇത് 26,033 കോടി രൂപ മാത്രമായിരുന്നു.

കേരളീയര്‍ക്കിഷ്ടം ഓഹരി ഫണ്ടുകള്‍

മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപ പദ്ധതികളില്‍ കേരളീയര്‍ക്കു കൂടുതല്‍ താത്പര്യം ഇക്വിറ്റി (ഓഹരി) അധിഷ്ഠിത പദ്ധതികളാണെന്ന് ആംഫിയുടെ കണക്ക് വ്യക്തമാക്കുന്നു. മേയിലെ കണക്കുപ്രകാരമുള്ള മൊത്തം നിക്ഷേപ ആസ്തിയായ 69,484 കോടി രൂപയില്‍ 52,196 കോടി രൂപയും ഇക്വിറ്റി ഓറിയന്‍റഡ് സ്കീമുകളിലാണ്. സ്വര്‍ണ ഇടിഎഫിലാണ് (ഗോള്‍ഡ് ഇടിഎഫ്) ഏറ്റവും കുറവ് നിക്ഷേപം; 169 കോടി രൂപ. മ്യൂച്വല്‍ഫണ്ട് വഴി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന സൗകര്യമായ ലിക്വിഡ് സ്കീമുകളില്‍ കഴിഞ്ഞ മാസം മലയാളികളുടെ മൊത്തം എയുഎം ഏപ്രിലിലെ 5,100 കോടി രൂപയില്‍ നിന്ന് 3,267 കോടി രൂപയായി കുറഞ്ഞു. 

കടപ്പത്രാധിഷ്ഠിതമായ മറ്റ് നിക്ഷേപ സ്കീമുകളില്‍ (അതര്‍ ഡെറ്റ് ഓറിയന്‍റഡ്) 6,421 കോടി രൂപയും ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലന്‍സ്‍ഡ് സ്കീമുകളില്‍ 6,149 കോടി രൂപയുമാണ് കഴിഞ്ഞമാസത്തെ കണക്കനുസരിച്ച് കേരളത്തില്‍നിന്നുള്ള മൊത്തം നിക്ഷേപ ആസ്തി.

English Summary:

Mutual Funds Boom in Kerala: Equity-Based Schemes Reign Supreme Among Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com