രേണുകസ്വാമി കേസ്: കൊലപാതകക്കുറ്റം ഏറ്റെടുക്കാൻ ദർശൻ ആവശ്യപ്പെട്ടു; 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു
Mail This Article
മുംബൈ∙ കൊലപാതകക്കുറ്റം ഏറ്റെടുക്കാൻ കന്നഡ താരം ദർശൻ തൂഗുദീപ മൂന്നുപേരോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഇവർക്ക് അദ്ദേഹം പണം വാഗ്ദാനം ചെയ്തതായും പൊലീസ് അറിയിച്ചു. ഒരാൾക്ക് അഞ്ചുലക്ഷം രൂപ വീതം പതിനഞ്ചുലക്ഷം രൂപയാണ് കുറ്റമേറ്റെടുക്കുന്നതിന് വേണ്ടി ദർശൻ വാഗ്ദാനം ചെയ്തത്.
ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശൻ അറസ്റ്റിലായത്. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ ദർശൻ ഉൾപ്പെട്ട സംഘം കമ്പുകൊണ്ടും ബെൽറ്റുകൊണ്ടും ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ദർശനും പവിത്രയുമടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പവിത്രയാണ് രേണുകസ്വാമിയെ ശിക്ഷിക്കാൻ ദർശനെ നിർബന്ധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓടയിൽ നിന്നാണ് രേണുക സ്വാമിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.