ജി7 സമ്മേളനത്തിനിടെ മെലോനിക്ക് സല്യൂട്ട്, ഫോട്ടോ സെഷനിടെ നടന്നുനീങ്ങി; അബദ്ധം പിണഞ്ഞ് ബൈഡൻ– വിഡിയോ
Mail This Article
റോം∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗം ബാധിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രസിഡന്റ് സ്ഥലകാല വിഭ്രാന്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജി7 സമ്മേളനത്തിനിടെ ബൈഡന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധങ്ങളുടെ രണ്ട് വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ജി7 സമ്മേളനത്തിനായി ഇറ്റലിയിലെ അപ്യുലിയയിലെത്തിയ ബൈഡൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ സല്യൂട്ട് ചെയ്യുന്ന വിഡിയോയാണ് ആദ്യം പ്രചരിച്ചത്. ബൈഡനെ സമ്മേളനത്തിലേക്ക് സ്വീകരിക്കുന്നതിനിടെ ബൈഡൻ മെലോനിക്ക് സല്യൂട്ട് നൽകുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി.
സമ്മേളനത്തിനിടെ ലോകനേതാക്കൾ ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോഴായിരുന്നു രണ്ടാമത്തെ അബദ്ധം. നേതാക്കൾ പാരഷൂട്ട് പ്രകടനം വീക്ഷിച്ചശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങുമ്പോൾ ബൈഡൻ മറുവശത്തേക്ക് നടന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് സംസാരിക്കുകയായിരുന്നു. തുടർന്ന് മെലോനിയാണ് ബൈഡനെ കൈപിടിച്ച് ഫോട്ടോ സെഷനായി എത്തിച്ചത്.
വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബൈഡന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. നേരത്തെയും പല പരിപാടികളിലും എൺപത്തൊന്നുകാരനായ ബൈഡൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.