പ്ലസ് വൺ സീറ്റ്: ശനിയാഴ്ച ഏകദിന ഉപവാസ സമരവുമായി കെഎസ്‌യു
Mail This Article
കോഴിക്കോട്∙ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഏകദിന ഉപവാസ സമരം നടത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കോഴിക്കോട് ഡിഡിഇ ഓഫിസിനു മുൻപിൽ രാവിലെ 8 മുതൽ 5 വരെയാണ് ഉപവാസം. ജൂൺ 18 മുതൽ 20 വരെ ജില്ലാ തലങ്ങളിൽ മാർച്ചും സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത കാരണം വിദ്യാർഥികൾ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നിലപാടുമായാണു സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ വർഷവും നിശ്ചിത ശതമാനം സീറ്റ് വർധനവ് വരുത്തി കണ്ണിൽ പൊടിയിടാനാണു വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം ഒരു ക്ലാസിൽ 50 കുട്ടികളെ പാടുള്ളു. നിലവിൽ ഒരു ക്ലാസിൽ 60 മുതൽ 70 വരെ വിദ്യാർഥികൾ ഉണ്ടാകുന്ന സാഹചര്യമാണ്.
സംസ്ഥാന സർക്കാർ നിയോഗിച്ച കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാവണം. പിണറായി സർക്കാർ 8 വർഷമായി ഭരണത്തിൽ ഇരുന്നിട്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചില്ല. പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഏതെങ്കിലും ജാതീയമായതോ, മതപരമായതോ, പ്രാദേശിക വിഷയമായോ ചുരുക്കി കാട്ടാൻ ഉള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകളും അഴിമതികളുമാണ് നടന്നിട്ടുള്ളത്. ചോദ്യ പേപ്പർ ചോർച്ച, സെന്റർ അനുവദിച്ചത്, കമ്മിറ്റിയെ നിയോഗിച്ച് ഗ്രേസ് മാർക്ക് അനുവദിച്ചത് എല്ലാം നിരുത്തരവാദപരമാണ്. എൻടിഎയുടെ വിശ്വാസ്യത തകർത്ത വിഷയത്തിൽ എൻടിഎ ഡയറക്ടർ ജനറലിനെതിരെ നടപടിയെടുക്കണം.
കോഴിക്കോട് എൻഐടിയിൽ സംഘപരിവാർ അജൻഡ നടപ്പിലാക്കാനുള്ള ഡയറക്ടറുടെ ശ്രമം ചെറുക്കും. സമരം നടത്തിയതിന്റെ പേരിൽ വിദ്യാർഥികളെ വേട്ടയാടി ഭീമമായ തുക ഫൈൻ ഇടാക്കാൻ ഉള്ള നീക്കം പിൻവലിച്ചില്ലെങ്കിൽ ഡയറക്ടറെ പുറത്ത് ഇറങ്ങാൻ അനുവദിക്കില്ല’’ – അലോഷ്യസ് സേവ്യർ പറഞ്ഞു.