ശുഭസമയത്തിൽ 21 തവണ ‘ഓം ശ്രീറാം’ എഴുതി റാം മോഹൻ നായിഡു; വ്യോമയാന മന്ത്രിയായി ചുമതലയേറ്റു– വിഡിയോ
Mail This Article
ന്യൂഡൽഹി∙ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ കർമങ്ങൾ നടത്തി ടിഡിപി മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു. മാത്രമല്ല, ശുഭസമയമായി കണക്കാക്കിയ ഉച്ചയ്ക്ക് 1.11ന് പേപ്പറിൽ 21 തവണ ‘ഓം ശ്രീറാം’ എന്ന് എഴുതുകയും ചെയ്തു. മുൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നാണ് നായിഡു ചുമതലയേറ്റെടുത്തത്.
‘‘ഒരു മന്ത്രി എന്ന നിലയില്‍ മാത്രമല്ല, ഉപഭോക്താവായിക്കൂടി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ വീക്ഷിക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്കുകൂടി സഞ്ചരിക്കാൻ സാധിക്കുംവിധം നമ്മുടെ വ്യോമയാന സാധ്യതകൾ വളരേണ്ടതുണ്ട്. അതിനായി യാത്രാചെലവ് കുറയേണ്ടിയിരിക്കുന്നു. അതിനു വേണ്ട നടപടികൾക്ക് മുൻതൂക്കം നൽകും’’ – ചുമതല ഏറ്റെടുത്തശേഷം മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
മൂന്നാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണു തെലുഗുദേശം പാർട്ടിയുടെ കിഞ്ജരാപ്പു റാം മോഹൻ നായിഡു. ആന്ധ്രയിലെ ശ്രീകാകുളം മണ്ഡലത്തിൽനിന്നും വൈഎസ്ആര്‍ കോൺഗ്രസിന്റെ തിലക് പെരേഡയെ 3 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നായിഡു ലോക്സഭയിലെത്തിയത്. 1996ലെ വാജ്പേയ് സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായിരുന്ന യെറാൻ നായുഡുവിന്‍റെ മകനാണ്.