ADVERTISEMENT

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ വിമർശനത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ ബിജെപി–എൻസിപി വാക്പോര്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമായി സഖ്യമുണ്ടാക്കിയത് ബിജെപിക്ക് തിരിച്ചടിയായെന്ന ‘ഓർഗനൈസർ’ ലേഖനങ്ങളെ തുടർന്നാണ് സംസ്ഥാന രാഷ്ട്രീയം ചൂടു പിടിക്കുന്നത്.

ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ അതിന്റെ കയ്യടി ആർഎസ്എസിനു നൽകുകയും തോൽവി നേരിടുമ്പോൾ അജിത് പവാറിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ലെന്ന് എൻസിപി യുവ വിഭാഗം നേതാവ് സൂരജ് ചവാൻ പറഞ്ഞു. ഇതിന് മറുപടിയുമായി ബിജെപി നേതാവ് പ്രവീൺ ഡരേക്കർ രംഗത്തെത്തി. ആർഎസ്എസ് തങ്ങൾക്കു പിതൃതുല്യ സംഘടനയാണെന്നും ആർഎസ്എസിനെക്കുറിച്ച് സൂരജ് പറയേണ്ടതില്ലെന്നും ഡരേക്കർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ എൻഡിഎ യോഗത്തിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് അതൃപ്തി പരസ്യമാക്കിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ അജിത് പവാറുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ബിജെപി തയാറെടുക്കുന്നെന്ന് അഭ്യൂഹമുണ്ട്. ചില ബിജെപി നേതാക്കൾ ഇക്കാര്യത്തിലെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. സഖ്യം ഉപേക്ഷിച്ച്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ബിജെപി ആലോചന തുടങ്ങിയെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്. മോദി മന്ത്രിസഭയിൽ മന്ത്രി സ്ഥാനമോ സഹമന്ത്രി സ്ഥാനമോ ലഭിക്കാത്തതിലും എൻസിപിക്ക് അതൃപ്തിയുണ്ട്.

English Summary:

RSS Criticism Ignites Fiery BJP-NCP Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com