‘നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് പാർട്ടി ചോദിച്ചു; യുഡിഎഫ് അധികാരത്തിൽ വരാൻ തൃശൂരിൽ സീറ്റ് വേണം’
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് പാർട്ടി നേതൃത്വം തന്നോട് ചോദിച്ചിരുന്നതായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുന്നതിനു മുൻപായി ‘മനോരമ ഓൺലൈനി’നു നൽകിയ അഭിമുഖത്തിലാണ് ശ്രീകണ്ഠന്റെ വെളിപ്പെടുത്തൽ. തൃശൂരിൽ കൂടുതൽ സീറ്റ് കിട്ടിയെങ്കിൽ മാത്രമേ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുകയുള്ളൂ എന്നാണ് തന്റെ വിശ്വാസം. പദവി താൽക്കാലികം ആയിരിക്കണമെന്ന് നിർബന്ധ ബുദ്ധിയുണ്ട്. ഇത്ര പെട്ടെന്ന് ഒരു താൽക്കാലിക ഡിസിസി പ്രസിഡന്റിനെ വയ്ക്കാൻ കാരണം തദ്ദേശ തിരഞ്ഞെടുപ്പാണ്. ആലത്തൂരിൽ തിരഞ്ഞെടുപ്പ് ഏകോപനം വേണ്ടത്ര ഇല്ലായിരുന്നു. തൃശൂരിൽ പോയി പ്രാഥമികമായി എന്താണ് ചെയ്യേണ്ടത്, പാർട്ടി തന്റെയടുത്തുനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതെല്ലാം നേതാക്കളോട് ചോദിച്ച് മനസിലാക്കിയിട്ടുണ്ടെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
∙ തൃശൂരിൽ ഒരു പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണല്ലോ?
പാർട്ടി ഒരു നിർണായകമായ പ്രതിസന്ധിയിലാണ്. കേരളത്തിലാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ തൃശൂരിൽ മാത്രം അത് ഏശിയില്ല. അതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് അന്വേഷിക്കാൻ കെപിസിസി ഒരു ഉപസമിതിയെ വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചെറിയതോതിലുള്ള സംഘർഷം തൃശൂരിലെ ഡിസിസി ഓഫിസിൽ നടക്കുകയുണ്ടായി. അവിടെയുള്ളവർക്ക് അത് നിയന്ത്രിക്കാൻ പറ്റാത്തൊരു സ്ഥിതിവിശേഷം വന്നു. അതിനാലാണ് സംഘടനാ പ്രവർത്തനം എല്ലാവരെയും യോജിപ്പിച്ച് നടത്താൻ പുറമേ നിന്നൊരാളെ ഡിസിസി പ്രസിഡന്റിന്റെ ചുമതല ഏൽപ്പിക്കാൻ കെപിസിസി തീരുമാനിക്കുന്നത്. കേരളത്തിലെ മുതിർന്ന നേതാക്കളും ഹൈക്കമാൻഡും കൂടി ആലോചിച്ച ശേഷമാണ് എന്നെ ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.
എനിക്ക് ധാരാളം ജോലിയുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടു ചെയ്ത ജനങ്ങളോട് നന്ദി പറയാൻ വേണ്ടിയുള്ള പരിപാടി പോലും നടത്തിയിട്ടില്ല. പക്ഷേ പാർട്ടിയാണ് വലുത്. പാർട്ടി നേതാക്കൾ നൽകിയ നിർദേശം സ്വീകരിക്കുകയാണ്. തൃശൂർ പാലക്കാടിനോട് അടുത്താണ്, മാത്രമല്ല എനിക്ക് പരിചിതരായ പ്രവർത്തകരും നേതാക്കളും ഉള്ള ജില്ലയാണ്. അതുകൊണ്ടാകാം എനിക്ക് ഈ ചുമതല നൽകിയത്. അവിടെ പോയി ഇപ്പോഴുള്ള സംഘർഷ സാഹചര്യം മാറ്റി എല്ലാവരെയും ഒരുമിപ്പിച്ച് സംഘടനാ പ്രവർത്തനത്തിൽ സജീവമാക്കുകയാണ് എന്റെ ലക്ഷ്യം. തൃശൂരിൽ കൂടുതൽ സീറ്റ് കിട്ടിയെങ്കിൽ മാത്രമേ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം.
∙ കോൺഗ്രസിനെ സംബന്ധിച്ച് എപ്പോഴും ഈ താൽക്കാലിക പദവി കാലങ്ങളോളം നീണ്ടു നീണ്ട് പോകാറുണ്ട്? ഈ താൽക്കാലിക ചുമതല എത്രനാൾ ഉണ്ടായിരിക്കും?
താൽക്കാലികം തന്നെയാണ് ഈ പദവിയെന്ന് എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഞാൻ ആ കാര്യത്തിൽ വളരെ നിർബന്ധ ബുദ്ധിക്കാരനാണ്. കാരണം എനിക്ക് ജനപ്രിതിനിധി എന്ന നിലയിൽ ഉത്തരവാദിത്തമുണ്ട്. അത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. അതു നിറവേറ്റാൻ എനിക്ക് സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സമയപരിധിയുള്ള ഒരു ദൗത്യമാണ് ഏറ്റെടുത്തത്. ഇത്ര പെട്ടെന്ന് ഒരു താൽക്കാലിക ഡിസിസി പ്രസിഡന്റിനെ വയ്ക്കാൻ കാരണം തദ്ദേശ തിരഞ്ഞെടുപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴാണ് വോട്ടർ പട്ടിക പുതുക്കുന്നത്. ആ സമയത്ത് തൃശൂരിൽ കലഹം തുടർന്നാൽ സംഘടന പ്രവർത്തനം നടക്കില്ല.
∙ അന്വേഷണ സമിതിയുടെ റിപ്പോർട്ട് വരും മുൻപേ ഡിസിസി പ്രസിഡന്റിനെയും ജില്ലയിലെ യുഡിഎഫ് കൺവീനറെയും മാറ്റിയത് അവർ കുറ്റക്കാരായതു കൊണ്ടാണോ?
അന്വേഷണം നടക്കുന്നതിനാൽ നിലവിലുള്ള നേതൃത്വത്തോട് തൽക്കാലം രാജിവയ്ക്കാൻ പറഞ്ഞതാണ്. അവർ കുറ്റക്കാരയതു കൊണ്ടല്ല. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ധാർമിക ഉത്തരവാദിത്തം അവരെ കുറ്റവാളികളാക്കില്ല. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ അടക്കം എന്തോ കുറവുണ്ടായിട്ടുണ്ട്.
∙ വി.കെ.ശ്രീകണ്ഠൻ പരിശോധിച്ചിടത്തോളം തൃശൂരിലെ തോൽവിക്ക് കാരണമെന്താണ്?
ഞാനത് പരിശോധിച്ചിട്ടില്ല. എന്റെയൊരു നിരീക്ഷണം മാത്രമേ പറയാൻ പറ്റുകയുള്ളൂ. ഞാൻ ഇതുവരെ തൃശൂർ ജില്ലയിലേക്ക് പോയിട്ടില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം, തോറ്റിട്ടും കഴിഞ്ഞ 5 വർഷമായി സുരേഷ് ഗോപി അവിടെ വളരെ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രയാസങ്ങളും ദൗർബല്യങ്ങളും ബിജെപി വലിയതോതിൽ മുതലെടുത്തിട്ടുണ്ട്. പണം വിതരണം ചെയ്യുന്നതും ആഹ്വാനം ചെയ്യുന്നതും ഉൾപ്പെടെയുള്ള വിഡിയോകൾ ഞാൻ കണ്ടു. ജനങ്ങളുടെ വീഴ്ച മനസിലാക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണ് ബിജെപി മുതലാക്കിയത്. എന്റെ മണ്ഡലമായ പാലക്കാടും ഇത്തരത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ പണം ഉൾപ്പെടെ ഒഴുക്കിയുള്ള പ്രചരണം വലിയ തോതിൽ നടന്നിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മൂന്നു മാസം മുൻപ് ഒരു ഡസൻ കേന്ദ്രമന്ത്രിമാർ ഞാൻ പോലും അറിയാതെ പാലക്കാട് വന്നിട്ടുണ്ട്. എംപിയെ വിളിക്കാതെ അവർ പല ഉദ്ഘാടന ചടങ്ങുകളും നടത്തി. തിരഞ്ഞെടുപ്പിനു കുറച്ചു ദിവസം മുന്നേയാണ് കേന്ദ്രത്തിന്റെ അരിവിതരണം നടന്നത്. ഇത് ഉദ്ഘാടനം ചെയ്തത് ബിജെപിയുടെ ഇവിടുത്തെ സ്ഥാനാർഥി ആയിരുന്ന കൃഷ്ണകുമാറാണ്. തൊട്ടപ്പുറത്ത് ഉദ്ഘാടനം ചെയ്തത് കൃഷ്ണ കുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസമാവാൻ പോവുകയാണ്. ഇപ്പോൾ അരി അപ്രത്യക്ഷമായി. പക്ഷേ അതിനെയൊക്കെ പ്രതിരോധിക്കാൻ എനിക്കും സംഘടനാ സംവിധാനത്തിനും കഴിഞ്ഞു. എന്നാൽ തൃശൂരിൽ അതൊക്കെ ശ്രദ്ധിക്കാതെ പോയെന്നാണ് തോന്നുന്നത്.
∙ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാക്കളുമൊക്കെ നൽകിയിരിക്കുന്ന ഉപദേശമെന്താണ്?
മുതിർന്ന നേതാക്കൾ തൃശൂരിലുണ്ട്. പക്ഷേ അവിടെയുള്ള ആരെയെങ്കിലും ഇപ്പോൾ പ്രസിഡന്റാക്കിയാൽ ഉള്ള പ്രശ്നം ചിലപ്പോൾ രൂക്ഷമായേക്കാം. നയപരമായി എല്ലാം കൈകാര്യം ചെയ്യാനാണ് എന്നെ ഈ പ്രസിഡന്റ് പദവി ഏൽപ്പിച്ചിരിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണം. ഞാൻ തൃശൂരിൽ പോയി പ്രാഥമികമായി എന്താണ് ചെയ്യേണ്ടത്, പാർട്ടി എന്റെയടുത്തു നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതെല്ലാം ചോദിച്ച് മനസിലാക്കിയിട്ടുണ്ട്. ചുമതലയേറ്റ ഉടൻ മുതിർന്ന നേതാക്കളെ കാണും, ഡിസിസി യോഗം വിളിക്കും. പാർട്ടി ഏൽപ്പിച്ച ദൗത്യം നിറവേറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങും.
∙ കെ.മുരളീധരനുമായി സംസാരിച്ചിരുന്നോ? സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന് അദ്ദേഹത്തോട് പറഞ്ഞോ?
ഞാൻ പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ കുറച്ചു കാര്യങ്ങളൊക്കെ അദ്ദേഹം എന്നോട് സംസാരിച്ചിട്ടുണ്ട്. അത് ആരെയും കുറ്റം പറഞ്ഞല്ല. നമുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇങ്ങനെയൊരു സാഹചര്യമാണ് തൃശൂരിലെന്ന് തനിക്കും അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതല്ല ഈ തോൽവി. മൂന്നാം സ്ഥാനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
∙ പാലക്കാട് ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണല്ലോ താങ്കൾ. ആലത്തൂരിൽ എന്താണ് ശരിക്കും സംഭവിച്ചത്?
ആലത്തൂരിൽ കെപിസിസിയും ഡിസിസിയും ചില നിർദേങ്ങൾ സ്ഥാനാർഥിക്ക് നൽകിയിരുന്നുവെന്ന് പത്രത്തിൽ വായിക്കാൻ കഴിഞ്ഞു. ഞാൻ മുഴുവൻ സമയവും പാലക്കാട് ആയിരുന്നതു കൊണ്ട് അവിടത്തെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. ആലത്തൂരിൽ വേണ്ടത്ര ഏകോപനം ഇല്ലായിരുന്നു എന്നത് വാസ്തവമാണ്.
∙ രമ്യയുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ?
അവരോട് ചില നിർദേശങ്ങൾ കെപിസിസി നേതൃത്വം പറഞ്ഞു. അതൊന്നും നടപ്പായില്ല എന്ന് പത്രത്തിൽ അറിഞ്ഞു. വ്യക്തമായി എനിക്ക് ഒന്നും അറിയില്ല.
∙ പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളെ എങ്ങനെ നോക്കിക്കാണുന്നു?
രണ്ട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കാൻ സാധ്യതയുണ്ട്. ചേലക്കരയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്നിലായിരുന്നു. എന്നാൽ പാലക്കാട് ബിജെപിയേക്കാൻ ഒൻപതിനായിരത്തോളം ലീഡ് എനിക്കുണ്ടായിരുന്നു. സിപിഎം മൂന്നാം സ്ഥാനത്താണ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലുമായിരിക്കും. എന്നാൽ നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. ഷാഫി പറമ്പിലിന്റെ നല്ല പ്രവർത്തനം പാലക്കാട് ഉണ്ടായിട്ടുണ്ട്. 5 വർഷം എംപിയെന്ന നിലയിൽ ഞാനും സജീവമായിരുന്നു. ചേലക്കരയിലെ കാര്യം എനിക്ക് നേരിട്ടറിയില്ല.
∙ സുരേഷ് ഗോപി ജയിച്ചതിന്റെയൊരു ഓളം പാലക്കാടേക്കും വീശുമെന്ന് ആശങ്കയുണ്ടോ?
ഒരിക്കലുമില്ല. മോദിയുടെ ഭൂരിപക്ഷം ഇത്തവണ മൂന്നു ലക്ഷത്തോളം കുറഞ്ഞിട്ടുണ്ട്. ആ കാറ്റായിരിക്കും പാലക്കാട്ടേക്ക് വീശുന്നത്.
∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പല യുഡിഎഫ് എംപിമാരും ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്നും നിയമസഭയിലാണ് താൽപര്യമെന്നും പറഞ്ഞിരുന്നു. താങ്കൾക്ക് താൽപര്യം പാർലമെന്റ് തന്നെയാണോ?
ഇപ്പോൾ തുറന്നുപറയാമല്ലോ. നിയമസഭയിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് പാർട്ടി എന്നോട് ചോദിച്ചിരുന്നു. അത് മറ്റാരോടും ചോദിച്ചിരിക്കാൻ സാധ്യതയില്ല.
∙ പാലക്കാട് നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണോ?
അത് എവിടെ നിന്ന് എന്നൊന്നും പറഞ്ഞില്ല.
∙ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയതിനു ശേഷമാണോ?
അതിനു മുൻപാണ്. പാർട്ടി നേതൃത്വമാണ് എന്നോട് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചത്. പാർലമെന്റിലേക്ക് മത്സരിക്കാനാണ് താൽപര്യമെന്ന് ഞാൻ തിരിച്ചുപറഞ്ഞു. മറ്റ് പലരും തിരിച്ചാണ്. പാർട്ടിയോട് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമാണ്. കേരളത്തിൽ പ്രവർത്തിച്ച് പരിചയസമ്പന്നരായവരാണ് അവരെല്ലാം. നിയമസഭയിലേക്ക് മത്സരിക്കാൻ അവർക്ക് ആഗ്രഹം കാണും. എനിക്ക് ആദ്യമായി അവസരം കിട്ടുന്നത് ഇന്ത്യൻ പാർലമെന്റിലേക്കാണ്. പാലക്കാട്ടുകാർ എന്നെ വിശ്വസിച്ച് അയച്ചതാണ്. അതുകൊണ്ടു തന്നെയാണ് പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് ഞാൻ പാർട്ടിയോട് പറഞ്ഞത്.
വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് ഞാൻ അഞ്ചു വർഷം പ്രവർത്തിച്ചതിന്റെ ഫലം കിട്ടുന്നത്. കഴിഞ്ഞ തവണ ഒരു തരംഗത്തിൽ ജയിച്ചതാണ്, ശ്രീകണ്ഠന് ലോട്ടറി അടിച്ചതാണ് എന്നൊക്കെ എന്റെ എതിരാളികളും പാർട്ടിയിലെ ചില ആളുകളും പ്രചരിപ്പിച്ചിരുന്നു. അത് അങ്ങനെയല്ല ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചാൽ ഇങ്ങനെ വിജയിക്കാമെന്ന് തെളിയിക്കാനാണ് ഞാൻ പാർട്ടി നേതൃത്വത്തോട് പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് മറുപടി നൽകിയത്.