ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ  പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലത്തിന്റെ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്നും ലോക കേരള സഭ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  

‘‘കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകൾ ഒപ്പുവയ്‍ക്കേണ്ടതുണ്ട്. ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം വാർധക്യം ചിലവഴിക്കാൻ കേരളത്തിൽ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉൾക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നതിനുള്ള നിർദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള താത്പര്യവും പ്രതിനിധികൾ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണ്’’–മുഖ്യമന്ത്രി പറ​ഞ്ഞു. 

ലോക കേരള സഭയ്ക്ക് നിയമപരിരക്ഷ നൽകാൻ ശ്രമിക്കും

‌ലോക കേരള സഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നുപോവാതിരിക്കാൻ നിയമപരിരക്ഷ നൽകാൻ ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യം ചർച്ച ചെയ്യും. കേരളത്തിന്റെ നാടൻ കലകളും ക്ലാസിക് കലാരൂപങ്ങളും ഉൾപ്പെടുത്തി ഏഷ്യാ പസഫിക് രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വികസനത്തിന് പ്രയോജനപ്രദമാകും. വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ  നിയമങ്ങൾ എന്നിവ അതതു സമയങ്ങളിൽ  നോർക്കാ റൂട്സിന്റെയും  ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ  പ്രസിദ്ധീകരിക്കും. 

നോർക്ക ഇൻഷുറൻസ് പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യവും നിർവ്വഹിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ലോക കേരളം’ ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com