ADVERTISEMENT

തിരുവനന്തപുരം ∙ ആഗോള പ്രവാസി മലയാളികളുടെ പരിച്ഛേദമായി മാറിയ ലോകകേരള സഭയുടെ പൊതുസഭയിൽ ശനിയാഴ്ച രാവിലെ നടത്തിയ മേഖലാതല ചർച്ചകളുടെ റിപ്പോർട്ടിങ് ക്രിയാത്മക നിർദ്ദേശങ്ങളുടെ സംവാദ വേദിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെയും പ്രസീഡിയം അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന പൊതുസഭയിൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ മുതൽ ആഫ്രിക്കയിൽ കേരളത്തിനുള്ള കയറ്റുമതി സാധ്യതകൾ വരെ ചർച്ചയായി. ഗൾഫ് രാജ്യങ്ങൾ, ഏഷ്യാ പസഫിക് മേഖല, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ എന്നിങ്ങനെ വിഭജിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ ചർച്ചകളിൽ ഉയർന്ന പ്രധാനപ്പെട്ട നിർദേശങ്ങളാണ് ചുമതലപ്പെട്ട സഭാംഗങ്ങൾ സമാഹരിച്ച് പൊതുസഭയിൽ അവതരിപ്പിച്ചത്.

പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കുന്നവരുടെ പ്രായപരിധി 65 ആയി ഉയർത്തണം, മുഴുവൻ പ്രവാസികളെയും ക്ഷേമനിധിയിൽ അംഗമാക്കാൻ നടപടിയെടുക്കണം, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് കാറ്റഗറി ആക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം, പ്രവാസികളുടെ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പലിശരഹിത ലോൺ അനുവദിക്കണം, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്ക കൗണ്ടർ ആരംഭിക്കണം, വിദേശരാജ്യങ്ങളിൽ വച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം, നോർക്ക സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽസംവരണം അനുവദിക്കണം, മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് നോർക്ക നൽകുന്ന സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയിൽനിന്ന് 5 ലക്ഷമായി വർധിപ്പിക്കണം, നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വ്യവസായം ആരംഭിക്കാൻ ഏകജാലക സംവിധാനം ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഗൾഫ് മേഖലയിലെ പ്രവാസികളിൽനിന്ന് ഉയർന്നത്.

ഏഷ്യാ പസഫിക് മേഖലയിലെ പ്രവാസികൾ ഉയർത്തിയ ആവശ്യങ്ങൾ

കാർഷിക മേഖലയിൽ വിയറ്റ്നാമുമായി സഹകരിക്കണം, തൊഴിൽ വീസ തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരണം നടത്തണം, വിവിധ രാജ്യങ്ങളിലെ വീസ നിയമങ്ങൾ പഠിച്ചു നോർക്ക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, എമിഗ്രേഷൻ ഓറിയന്റേഷൻ ആരംഭിക്കണം, സിംഗപ്പൂരിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കണം, ഏഷ്യ പസഫിക് രാജ്യങ്ങളിൽനിന്നു കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണം, മൈഗ്രേഷൻ വിഷയത്തിൽ അവഗാഹമുള്ള അഭിഭാഷകരുടെ പാനൽ തയാറാക്കണം, നഴ്സിങ് കരിക്കുലം പരിഷ്‌കരിക്കണം, മലയാളം മിഷൻ പുസ്തകങ്ങൾ പരിഷ്‌കരിക്കണം, നഴ്സിങ് മേഖലയിൽ സ്‌കിൽ സർട്ടിഫിക്കറ്റ് ഏർപ്പെടുത്തണം.

അമേരിക്കൻ മേഖലയിൽ നിന്നുള്ള പ്രധാന ആവശ്യങ്ങൾ

അമേരിക്കയിൽ നോർക്കയുടെ സ്ഥിരം ഹെൽപ് ഡെസ്‌ക് ആരംഭിക്കണം, നഴ്സിങ് ഫിനിഷിങ് സ്‌കൂൾ തുടങ്ങണം, കാനഡയിൽ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് കൗൺസലിങ്, ഏകീകൃത ട്രെയിനിങ്, നിയമസഹായം, അഡിക്ഷൻ ബോധവൽക്കരണം എന്നിവയ്ക്ക് സംവിധാനം ഏർപ്പെടുത്തണം, നോർക്കയുടെ വനിതാ സെൽ കാര്യക്ഷമമാക്കണം, കരീബിയൻ ദ്വീപുകളിലേക്ക് ആഴ്ചയിൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കണം, ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച പ്രവാസി ഹ്രസ്വ ചിത്രത്തിന് പുരസ്‌കാരം ഏർപ്പെടുത്തണം.

യൂറോപ്യൻ മേഖലയിലെ പ്രധാന ആവശ്യങ്ങൾ

മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണം. നോർക്കയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് മാത്രമായി വിദേശ വിദ്യാഭ്യാസം പരിമിതപ്പെടുത്തണം, വിദേശത്തേക്ക് പോകുന്നവർക്ക് നിയമസഹായം നൽകണം, റിക്രൂട്ടിങ് തട്ടിപ്പുകൾ തടയുന്നതിന് നോർക്ക റിക്രൂട്ടിങ് ഏജൻസികൾക്ക് ലൈസൻസ് ഏർപ്പെടുത്തണം, വിദേശ വിദ്യാർഥികളെ സഹായിക്കാൻ നോർക്കയിൽ പ്രത്യേക ഓഫിസറെ നിയമിക്കണം.

ആഫ്രിക്കൻ മേഖലയിലെ പ്രധാന ആവശ്യങ്ങൾ

ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ ആഫ്രിക്കയിൽ നിന്നുള്ള പ്രവാസികൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി അവർ ചൂണ്ടിക്കാട്ടി. മെഡിക്കൽ മേഖലയിൽ ആഫ്രിക്കയിൽ വലിയ സാധ്യതകൾ ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ആഫ്രിക്കയിലേക്കുള്ള കയറ്റുമതി സാധ്യത പ്രയോജനപ്പെടുത്തുക, പ്രവാസി സർവകലാശാല ആരംഭിക്കുക, ആഫ്രിക്കയിൽ ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, ആഫ്രിക്കയിൽ നിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നിമിഷപ്രിയയുടെ മോചനത്തിന് സർക്കാർ മുൻകൈയെടുക്കണം, മലയാളം മിഷൻ പുസ്തകങ്ങൾ ആഫ്രിക്കയിൽ എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും ധനസഹായം വർധിപ്പിക്കുകയും ചെയ്യണം എന്നതായിരുന്നു ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവാസികളുടെ ഒരു പ്രധാന ആവശ്യം. പ്രവാസി ഭാഷാപ്രവർത്തകരെ മലയാളം മിഷൻ ഘടനയിൽ ഉൾപ്പെടുത്തണം, ഇന്ത്യക്കകത്തുള്ള സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കണം തുടങ്ങിയ നിർദേശങ്ങളും അവർ പങ്കുവച്ചു.

മടങ്ങിവന്ന പ്രവാസികളുടെ പ്രധാന ആവശ്യങ്ങൾ

പ്രവാസി പെൻഷൻ പ്രായപരിധി ഒഴിവാക്കണം, പ്രവാസി ക്ഷേമ പദ്ധതികൾക്കായി സെസ് ഏർപ്പെടുത്തണം, പ്രവാസി ഗ്രാമസഭകൾ വിളിച്ചു ചേർക്കണം, കുടുംബശ്രീ മിഷൻ മാതൃകയിൽ പ്രവാസി മിഷൻ ആരംഭിക്കണം.

English Summary:

Insights from Lok Kerala Sabha’s Debates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com