ADVERTISEMENT

കൊച്ചി∙ ‘മനോരമ ഓൺലൈനി’ന്റെ ‘റോബോവേഴ്‌സ് വിആർ’ എക്സ്പോയിലേക്ക് കടന്നു വരുന്നവർ ഒരു സ്റ്റാളിനടത്തെത്തുമ്പോൾ ഒന്നു നിൽക്കും. അവിടെ സജ്ജീകരിച്ചിട്ടുള്ള 2 റോബട്ടുകളുടെ മാതൃക എന്താണെന്ന് മനസ്സിലാക്കാതെ ആരും തന്നെ കടന്നു പോകാറില്ല. കാരണം 2018ലെ പ്രളയത്തിന്റെ ദുരിതം നേരിട്ടറിഞ്ഞവരാണ് മലയാളികൾ. അവർക്ക് ആശ്വാസവും സന്തോഷവും ഒപ്പം അദ്ഭുതവും സമ്മാനിക്കുന്ന 2 റോബട്ടുകളുടെ മാതൃകകളാണ് അവിടെയുള്ളത്. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവരെ മനുഷ്യസഹായമില്ലാതെ തന്നെ രക്ഷപെടുത്താനുള്ള ഒരെണ്ണവും വെള്ളപ്പൊക്കത്തിനു ശേഷം അടിഞ്ഞുകൂടുന്ന ചെളിയും മാലിന്യങ്ങളുമൊക്കെ നീക്കം ചെയ്യാനുള്ള മറ്റൊരണ്ണവും. ഇതിലെ അദ്ഭുതം എന്തെന്നാൽ ഇതുണ്ടാക്കിയിരിക്കുന്നത് സഹോദരികളായ രണ്ടു മിടുക്കികളാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന കാത്‍ലിന്‍ മാരീ ജീസനും നാലാം ക്ലാസിൽ പഠിക്കുന്ന ക്ലാരെ റോസ് ജീസനും. തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും. എക്സ്പോയിലെത്തുന്നവർക്ക് തങ്ങളുടെ പരിശ്രമം വിശദമാക്കിക്കൊടുക്കാൻ ഇരുവരും പ്രദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 

കാഴ്ചക്കാർക്ക് റോബട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റികളുടെ അദ്ഭുതങ്ങൾ സമ്മാനിക്കുന്ന ‘റോബോവേഴ്‌സ് വിആർ’ എക്സ്പോ ജൂൺ 17നാണ് സമാപിക്കുന്നത്. ജെയിൻ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എക്സ്പോയിലെ സന്ദർശക സമയം രാവിലെ 10 മുതൽ രാത്രി 10 വരെയാണ്. 

‘‘2018 വെള്ളപ്പൊക്കത്തിന്റ സമയത്ത് കുറെപ്പേർ മരിച്ചു പോയിരുന്നു. അന്ന് നമുക്ക് രക്ഷാപ്രവർത്തകർ ഒക്കെ ഉണ്ടായിരുന്നു, പക്ഷേ പലയിടത്തേക്കും അവർക്ക് സമയത്തിന് എത്തിപ്പെടാനായില്ല. വെള്ളപ്പൊക്കത്തിനു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് നമ്മൾ കണ്ടു. ഇപ്പോഴും ചിലയിടത്തെക്കെ അത് അവസാനിച്ചിട്ടില്ല. ഈ കാര്യങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഞങ്ങൾ 2 റോബട്ടുകൾക്ക് രൂപം നൽകിയത്. ഒന്നു വെള്ളത്തിലോടുന്നതും ഒന്ന് കരയിൽ പ്രവർത്തിക്കുന്നതുമാണ്. വെള്ളത്തിൽ‍ ഒാടുന്നതിന്റെ പേരാണ് അക്വാ റെസ്ക്യു റാഫ്റ്റ് 1.0, ഇത് വെള്ളപ്പൊക്കത്തിന്റെ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു. അതിനു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കാണ് രണ്ടാമത്തെ റോബട്ടായ ട്രാഷ്ബോട്ട് 3.0’’ ഉപയോഗിക്കുന്നത്’’, കാത്‍ലിനും ക്ലാരെയും മനസ്സു തുറക്കുന്നത് ഇങ്ങനെ.  

അക്വാ റെസ്ക്യു റാഫ്റ്റ് 1.0 വെള്ളത്തിന്റെയും വായുവിന്റയും ഗുണനിലവാരം, വെള്ളത്തിൽ വൈദ്യുതിയുടെ സാന്നിധ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഇതിൽ ഘടിപ്പിച്ചിട്ടുള്ള കാമറയിൽ നിന്ന് ദൃശ്യങ്ങള്‍ ലഭിക്കും. ജിപിഎസ് സംവിധാനവും ഇതിലുണ്ട്. അക്വാ റെസ്ക്യു റാഫ്റ്റ് 1.0ൽ നിന്നുള്ള എസ്ഒഎസ് സംവിധാനം ലഭിക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് ബ്ലേഡുകൾ ഉപയോഗിച്ച് പോളകളും പായലുകളുമൊക്കെ മാറ്റാനും സാധിക്കും. ‘റോബോവേഴ്‌സ് വിആർ’ എക്സ്പോയ്ക്ക് സാങ്കേതിക സഹായം നൽകുന്ന യുണീക് വേൾ‍ഡ് റോബട്ടിക്സിലെ അഖില ഗോഗസും ഡിക്സണുമാണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്. ‘‘ഞങ്ങൾ ആശയങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞാൽ അത് സാങ്കേതികമായി എങ്ങനെ നിര്‍മിച്ചെടുക്കാം എന്ന് ഞങ്ങളെ പഠിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഈ രണ്ടു റോബട്ടുകളും ഞങ്ങൾ വേൾഡ് റോബട്ടിക് ഒളിമ്പ്യാഡിന് കൊണ്ടു പോകുന്നുണ്ട്’’, റോബട്ടിക്സുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ തന്നെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഇരുവരും പറയുന്നു. 

കൊച്ചു കുട്ടികളും മുതിർന്നവരുമടക്കമുള്ള ഒട്ടേറെ പേരാണ് എക്സ്പോ കാണാനെത്തുന്നത്. ഇതിനു പുറമെ താരസാന്നിധ്യവും പ്രദ‍ർശനത്തിന് കൊഴുപ്പുകൂട്ടുന്നു. അഭിനേതാക്കളായ ആസിഫലിയും കുടുംബവും, ബാബു ആന്റണി, അനാർക്കലി മരിക്കാർ, ഗൗരി നന്ദ, ഗോകുൽ സുരേഷ്, അഷ്കർ സൗദാൻ, സംവിധായകരായ ടി.എസ്.സുരേഷ്ബാബു, അരുൺ ചന്തു തുടങ്ങി ഒട്ടേറെ േപരാണ് ചലച്ചിത്ര മേഖലയിൽ നിന്ന് എക്സ്പോ കാണാനെത്തന്നത്. റോബോ വാർ, പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന റോബോ ഡോഗ് എന്നിവയ്ക്കു മുന്നിലെല്ലാം കുട്ടികളുടെ ആവേശം കലർന്ന തിരക്കാണ്. വിവിധതരം ഡ്രോണുകൾ പറത്താൻ പരിശീലിപ്പിക്കുന്ന സ്റ്റാളുകൾ, പ്ലാനറ്റേറിയങ്ങൾ, വെർച്വൽ റിയാലിറ്റി ഗെയിം സോൺ എന്നിവിടങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. പ്രവേശനം പാസ് വഴി. ടിക്കറ്റുകൾ www.roboversexpo.com എന്ന െവബ്സൈറ്റിലും എക്സ്പോ കൗണ്ടറിലും ലഭിക്കും.

English Summary:

Highlights from the 'Robovers VR expo in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com