‘കാഫിർ’ പ്രചരണം: കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി
Mail This Article
കോഴിക്കോട്∙ വ്യാജ ‘കാഫിർ’ പോസ്റ്റ് പ്രചരിപ്പിച്ച കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. കേസിലെ കുറ്റാരോപിതനും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ പി.കെ.മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നും വടകര റൂറൽ എസ്പി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻ എംഎൽഎയായ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് പ്രവീൺ കുമാർ ആവശ്യപ്പെട്ടത്.
ലതികയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമെ പിന്നിലുള്ളവരെ കണ്ടെത്താനാകൂ. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച എല്ലാവർക്കുമെതിരെ കേസ് എടുക്കണം. സത്യം പുറത്തു വരണം. പൊലീസ് സിപിഎമ്മിന്റെ പോഷക സംഘടനയായാണ് പ്രവർത്തിക്കുന്നത്. ഈ കേസിൽ പൊലീസ് നിഷ്ക്രിയത്വം കാണിച്ചു. പ്രത്യേക ഏജൻസി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഫെയ്സ്ബുക്ക് അധികാരികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.