കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു; വീണ്ടും വിളിപ്പിക്കും
Mail This Article
കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ അറിയിച്ചെന്നാണ് വിവരം.
സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇ.ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റിണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
പറവ ഫിലിംസിന്റെ ബാനറിൽ മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ഏഴു കോടി രൂപ നൽകി വഞ്ചിതനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് രംഗത്തുവന്നതോടെ മലയാള ചലച്ചിത്ര നിർമാണരംഗത്തു പണം മുടക്കി വഞ്ചിതരായ മറ്റു ചില ‘സൈലന്റ് പ്രൊഡ്യൂസർമാരും’ ഇ.ഡി സമീപിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.