സ്കൂള്‍ ബസിൽ എത്തിക്കും, 14 മണിക്കൂർ ജോലി; ബാലവേലയിൽനിന്ന് രക്ഷിച്ചത് 58 കുട്ടികളെ
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ മദ്യനിർമാണശാലയിൽ ബാലവേല ചെയ്തിരുന്ന 39 ആണ്‍കുട്ടികളെയും 19 പെൺകുട്ടികളെയുമടക്കം 58 പേരെ രക്ഷിച്ചു. സംഭവത്തില്‍ സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് എന്ന ഫാക്ടറിയുടെ ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. നാഷനൽ കമ്മിഷൻ ഓഫ് ചൈൽഡ് റൈറ്റ്സും ബച്പൻ ബചാവോ ആന്ദോളൻ എന്ന സംഘടനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
‘‘ഫാക്ടറിയിലെ രാസപദാർഥങ്ങളും മദ്യവും കാരണം കുട്ടികളുടെ കൈകളിൽ തീവ്രമായ പൊള്ളലുകളുണ്ട്. സ്കൂള്‍ ബസുകളിൽ ഫാക്ടറിയിലെത്തിക്കുന്ന കുട്ടികളെ ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് പണിയെടുപ്പിച്ചിരുന്നത്’’– ബച്പൻ ബചാവോ ആന്ദോളൻ സംഘടനാംഗങ്ങൾ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കർശന നടപടികള്‍ സ്വീകരിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എക്സില്‍ കുറിച്ചു. തൊഴിൽ, എക്സൈസ്, പൊലീസ് വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്നും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു