നാടിനെ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുത്തു; ലതികയെ അറസ്റ്റ് ചെയ്യണം: കെ.കെ.രമ
Mail This Article
കോഴിക്കോട് ∙ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചു എന്നുപറയുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎൽഎ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തതെന്നും രമ ആരോപിച്ചു.
‘‘ഒരു നാടിനെ മുഴുവൻ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുക്കുകയാണ് ഇവർ ചെയ്തത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് തയാറായിരുന്നില്ല. ഇന്നലെവരെ ലതികയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവയ്ക്കപ്പെട്ടത്. ആധികാരികമായി സിപിഎമ്മിന്‍റെ ഒരു നേതാവ് പറയുമ്പോൾ അത് വിശ്വസിക്കാൻ അണികളടക്കം ധാരാളംപേരുണ്ടായി.
യാതൊരു വസ്തുതകളുടെയും പിൻബലമില്ലാതെയാണ് യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യം അവർ പങ്കുവച്ചത്. പൊലീസിനോട് എംഎസ്എഫ് പ്രവർത്തകൻ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ തന്നെ അത് അയാളുടെ അറിവോടെ സംഭവിച്ചതല്ലെന്ന് വ്യക്തമായതാണ്. ഞങ്ങൾ ആരെങ്കിലുമാണെങ്കിൽ കേസെടുക്കണമെന്നും അവർ ആണയിട്ട് പറഞ്ഞിരുന്നു.
എന്നിട്ടും അത് തിരുത്താനോ പിൻവലിക്കാനോ തയാറായില്ല. ഇത്രയും പ്രശ്നങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ട് ഇന്ന് പോസ്റ്റ് പിൻവലിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. പിൻവലിച്ചത് പിൻവലിച്ചു, പക്ഷേ പൊലീസ് ഉടനെ ലതികയെ അറസ്റ്റ് ചെയ്യണം’’– രമ പറഞ്ഞു.