‘കാഫിർ’ സ്ക്രീൻഷോട്ട്: കോൺഗ്രസ് സ്വരം കടുപ്പിച്ചു; കെ.കെ.ലതിക വിവാദ പോസ്റ്റ് പിൻവലിച്ചു
Mail This Article
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വടകര മണ്ഡലത്തിലെ വിവാദമായ ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതിക ഫെയ്സ്ബുക്കിൽ നിന്നു പിൻവലിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണു സ്ക്രീൻഷോട്ട് പിൻവലിച്ചു ഫെയ്സ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്തത്.
മുസ്‌ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ടു കെ.കെ.ലതികയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും ഫെയ്സ്ബുക്കിൽ നിന്നു നീക്കം ചെയ്യാത്ത സാഹചര്യത്തിൽ ലതികയെ അറസ്റ്റ് ചെയ്യണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണു പോസ്റ്റ് പിൻവലിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സാപ് ഗ്രൂപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് കാസിം ഇട്ടത് എന്ന പേരിലാണു വർഗീയധ്വനിയുള്ള സ്ക്രീൻഷോട്ട് പുറത്തുവന്നത്. സിപിഎമ്മിന്റെ പരാതിയിൽ കാസിമിനെതിരെ വടകര പൊലീസ് കേസെടുത്തെങ്കിലും സ്ക്രീൻഷോട്ട് വ്യാജമാണെന്നും കാസിമിനു പങ്കില്ലെന്നും സർക്കാർ പിന്നീടു ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിനു പിന്നിൽ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം.
വിവാദ സ്ക്രീൻഷോട്ട് ആദ്യമായി ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചത് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഗ്രൂപ്പാണ്. ‘പോരാളി ഷാജി’ എന്ന അക്കൗണ്ടിലും ഈ പോസ്റ്റ് നിലനിൽക്കുന്നുണ്ട്. അവ രണ്ടിന്റെയും വിവരങ്ങൾ ഫെയ്സ്ബുക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഫെയ്സ്ബുക്കിൽ നിന്നു വ്യാജ പോസ്റ്റ് നീക്കം ചെയ്യാത്തതിന്റെ പേരിൽ എഫ്ബിയുടെ നോഡൽ ഓഫിസറെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എഫ്ബിയിൽ നിന്നു റിപ്പോർട്ട് കിട്ടിയാലേ യഥാർഥ പ്രതികളെ കണ്ടെത്താനാവൂ എന്നാണു പൊലീസ് നിലപാട്.