‘പാർട്ടിക്കാരുടേതല്ല, ജനങ്ങളുടേതാണ് പാർട്ടി; ജനം എന്തുകൊണ്ട് എതിരായി എന്ന് മനസ്സിലാക്കി തിരുത്തണം’
Mail This Article
തിരുവനന്തപുരം ∙ സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തെറ്റുകൾ തിരുത്തണമെന്നും ഐസക് പറഞ്ഞു. ജനങ്ങൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിപ്പിച്ചതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐസക്കിന്റെ പരാമർശം.
ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കണം. പാർട്ടി ജനങ്ങളുടെയുമാണ്. തുറന്ന മനസ്സോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം അനുഭാവികളിൽ ഒരു പക്ഷം വോട്ട് ചെയ്തില്ല. അവർ എന്ത് കൊണ്ടാണ് വോട്ട് മാറ്റി ചെയ്തതെന്നു പരിശോധിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ, പ്രവർത്തന ശൈലിയിലെ പ്രശ്നമാണോ എന്നെല്ലാം പരിശോധിക്കണം. പാർട്ടിക്കു പുറത്തും ചർച്ചകൾ വേണം.
സമൂഹമാധ്യമങ്ങളിൽ ചില തെറ്റായ പ്രവണതകളുണ്ട്. ഒരു പക്ഷവും ഇല്ലാത്ത ഒരുപാട് പേരുണ്ട്. അവരെ അകറ്റുന്ന രീതിയിലുള്ള ശൈലികളും വെല്ലുവിളികളുമെല്ലാം എന്ത് ലക്ഷ്യത്തിലാണോ നമ്മൾ സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്നത് അതിലേക്ക് എത്താൻ സഹായിക്കുന്നില്ല. വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.അത് തിരുത്തപ്പെടേണ്ടതാണ്. ഓരോ പ്രവർത്തകനും സമൂഹ മാധ്യമങ്ങളിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.