ADVERTISEMENT

മുംബൈ ∙ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസിൽ ഷീനയുടെ മൃതദേഹാവശിഷ്ടങ്ങളും എല്ലുകളും കാണാതായതായി സിബിഐ കോടതിയെ അറിയിച്ചു. രാസപരിശോധന നടത്തിയ ജെജെ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സിബിഐ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് 2012 ഏപ്രിലിൽ കൊലപ്പെടുത്തിയെന്നാണു കേസ്. കാറിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൻവേലിനടുത്ത് വനമേഖലയിൽ ഉപേക്ഷിച്ച് കത്തിച്ചെന്നാണ് ആരോപണം.

2012ൽ പൻവേൽ വനമേഖലയിൽ നിന്ന് അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന മട്ടിലാണ് പൊലീസ് എല്ലുകളും ശരീരഭാഗങ്ങളും ശേഖരിച്ചത്. 2015ൽ മറ്റൊരു കേസിൽ ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിയുന്നത്.

തുടർന്ന് പൻവേലിലെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ എല്ലുകൾ കണ്ടെത്തി. 2012ലും 2015ലും അതേ സ്ഥലത്തു നിന്നു കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ ഒരാളുടേതു (ഷീന ബോറ) തന്നെയാണ് ജെജെ സർക്കാർ ആശുപത്രിയിൽ രാസപരിശോധനയിൽ തെളിഞ്ഞതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

പിന്നീടാണ് അവ ജെജെ ആശുപത്രിയിൽ നിന്നു കാണാതായത്. കണ്ടെത്താൻ സമയം അനുവദിക്കണമെന്നുള്ള സിബിഐയുടെ അപേക്ഷ കോടതി അംഗീകരിച്ചു. അന്വേഷണത്തിൽ അവ വീണ്ടെടുക്കാനിയില്ലെന്നാണ് കഴിഞ്ഞ ദിവസം സിബിഐ അറിയിച്ചത്. അതേസമയം, ഡിഎൻഎ പരിശോധന പൂർത്തിയായതാണെന്നും മൃതദേഹാവശിഷ്ടങ്ങൾ ഷീനാ ബോറയുടേതാണെന്ന് ഇതിനകം സ്ഥിരീകരിച്ചതിനാൽ അന്വേഷണത്തെ ബാധിക്കില്ലെന്നും സിബിഐ വ്യക്തമാക്കി. കേസ് ഇൗ മാസം 27ന് വീണ്ടും പരിഗണിക്കും.

English Summary:

Remains of Sheena Bora recovered by cops untraceable, CBI court told

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com