രണ്ടാം ലോകയുദ്ധകാലത്ത് കാണാതായ വിമാനം കടലിനടിയിൽ; രഹസ്യം ചുരുളഴിയുന്നു
Mail This Article
ഹെൽസിങ്കി∙ രണ്ടാംലോകമഹായുദ്ധകാലത്ത് ബാൾട്ടിക് സമുദ്രത്തിൽ കാണാതായ ഫിൻലൻഡ് യാത്രാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ എട്ടുപതിറ്റാണ്ടിനുശേഷം 230 അടി ആഴത്തിൽ ഗവേഷകർ കണ്ടെത്തി. അമേരിക്കയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര രേഖകളുമായി യുഎസ് നയതന്ത്രജ്ഞൻ ഹെൻറി ഡബ്ല്യു ആന്തേൽ ജൂനിയർ സഞ്ചരിച്ച വിമാനത്തിന്റെ തകർച്ച ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒൻപതുപേരുമായാണു വിമാനം കാണാതായത്. സോവിയറ്റ് ഡിബി–3 ബോംബുകൾ ഉപയോഗിച്ചു വിമാനം തകർത്തതാണെന്നു വിവരം ലഭിച്ചെങ്കിലും സോവിയറ്റ് യൂണിയനുമായി സമാധാനസഖ്യത്തിൽ ഒപ്പിട്ടയുടനാണു സംഭവമെന്നതിനാൽ ഫിൻലൻഡ് ഇക്കാര്യത്തിൽ മൗനം പാലിച്ചു.
എന്നാൽ വിമാനം തകർന്നുവീണയുടൻ സോവിയറ്റ് മുങ്ങിക്കപ്പൽ സമീപത്ത് വന്നെന്നും അവശിഷ്ടങ്ങളിൽ നിന്നും പ്രധാന രേഖകളുടെ പൊതികളും മറ്റും ശേഖരിച്ചെന്നും മീൻപിടുത്തക്കാരും ലൈറ്റ് ഹൗസ് ഓപറേറ്ററും വെളിപ്പെടുത്തിയതോടെ രണ്ടാംലോകയുദ്ധചരിത്രത്തിൽ ഈ വിമാനദുരന്തം സംശയാസ്പദമായി നിലകൊണ്ടു. കെരി ദ്വീപിനു സമീപം യുഎസ് നേവി 2008ൽ നടത്തിയ സമുദ്രാന്തരസർവേയിൽ പോലും അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ രഹസ്യമാണ് മുങ്ങൽവിദഗ്ധർ കണ്ടെടുത്തിരിക്കുന്നത്.