ത്യാഗസ്മരണകളുമായി മുസ്‌ലിം സമൂഹം; ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു
Mail This Article
കോഴിക്കോട് ∙ ത്യാഗസ്മരണകളുമായി മുസ്‌ലിം സമൂഹം ഇന്നു ബലിപെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ഹിജ്റ മാസം ദുൽഹജ് 10നു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
-
Also Read
പട്ടിണിയുടെ നടുവിൽ ഗാസയിലെ പെരുന്നാൾ
മക്കയിലെ പരിശുദ്ധ ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് ഈദുൽ അസ്‌ഹ, വലിയ പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ആഘോഷം. ഹജ് കർമം പൂർത്തിയാക്കി സൗദിയിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. ഒമാനൊഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാൾ ആഘോഷിച്ചു. അയ്യാമുത്തശ്‌രീഖ് എന്നറിയപ്പെടുന്ന അടുത്ത മൂന്നു ദിവസങ്ങളും ആഘോഷങ്ങളുടെ ഭാഗമാണ്.
∙ പെരുന്നാൾ പുണ്യത്തിൽ ഹജ് തീർഥാടകർ
മക്കയിലെത്തി ബലിപെരുന്നാൾ ആഘോഷിച്ച തീർഥാടകർ ഹജ്ജിന്റെ അവസാനഘട്ട ചടങ്ങുകൾക്കായി മിനായിലെ കൂടാരങ്ങളിലേക്കു മടങ്ങി. ഹജ് അനുഷ്ഠാനത്തിലെ ഏറ്റവും തിരക്കേറിയ ദിനമായിരുന്നു ഇന്നലെ. സാത്താന്റെ പ്രതീകമായ ജംറയിൽ പുലർച്ചെ ഹാജിമാർ ആദ്യ കല്ലേറു കർമം നിർവഹിച്ചു. ബലിയർപ്പണത്തിനു ശേഷം മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ-മർവ പ്രയാണവും നിർവഹിച്ചു.
തുടർന്നു തലമുണ്ഡനം ചെയ്തു പുതുവസ്ത്രം ധരിച്ച് പെരുന്നാൾ ആഘോഷം. എല്ലാ ഇന്ത്യൻ തീർഥാടകരും സമയബന്ധിതമായി കർമങ്ങൾ പൂർത്തിയാക്കി മിനായിൽ എത്തിയതായി ഹജ് മിഷൻ അറിയിച്ചു. ഇന്നും നാളെയും മിനായിൽ താമസിച്ച് കല്ലേറ് കർമം പൂർത്തിയാക്കും. തുടർന്ന്, മക്കയിൽ കഅബയ്ക്കു ചുറ്റും വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും.