ബാലസോർ അപകടം നടന്നിട്ട് 1 വർഷം; ‘കവചി’ന്റെ പ്രാധാന്യം ഓർമിപ്പിച്ച് വീണ്ടും നേർക്കുനേർ കൂട്ടിയിടി
Mail This Article
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിൽ 200ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ഒരു വർഷം തികഞ്ഞത് ജൂൺ 2നാണ്. കൃത്യം രണ്ടാഴ്ചയ്ക്കു ശേഷം ബംഗാളിലുണ്ടായ അപകടവും ഏറക്കുറെ സമാനരീതിയിലാണ്. ഒരേ ട്രാക്കിലേക്ക് രണ്ടു ട്രെയിനുകൾ വരുന്നതും ഒന്ന് മറ്റൊന്നിനുമേലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന സാമ്യത. ഇതോടെ ട്രെയിനുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വികസിപ്പിച്ച ‘കവച്’ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാതെ പോകുന്നതിനെക്കുറിച്ച് വീണ്ടും ചർച്ചകളുയരുന്നു.
ട്രെയിനുകളുടെ കൂട്ടിയിടിയും സിഗ്നൽ മറികടന്നും മറ്റുമുള്ള അപകടങ്ങളും ഒഴിവാക്കാൻ ഇന്ത്യ 2012ൽ വികസിപ്പിച്ച ഓട്ടമാറ്റിക് സംവിധാനമാണ് കവച്. യുപിഎ സർക്കാരിന്റെ കാലത്ത് ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) എന്ന പേരിൽ തുടങ്ങിയ സംവിധാനം ട്രയൽ റൺ തുടങ്ങിയത് 2016ൽ മോദി സർക്കാർ വന്ന ശേഷമാണ്.
∙ പ്രവർത്തനം എങ്ങനെ?
കവച് സംവിധാനത്തിൽ ട്രെയിൻ എൻജിനിലും ട്രാക്കിലും സ്റ്റേഷനുകളിലും സിഗ്നൽ സംവിധാനത്തിലും ഉപകരണങ്ങളുണ്ടാകും. ഒരു ട്രാക്കിൽ 2 ട്രെയിനുകൾ നേർക്കുനേർ വന്നാൽ കവച് ഓട്ടമാറ്റിക് ബ്രേക്കിങ് സംവിധാനം പ്രവർത്തിപ്പിച്ച് ട്രെയിനുകൾ നിർത്തും.
ലോക്കോ പൈലറ്റ് ചുവപ്പു സിഗ്നൽ മറികടന്നാലും കവച് മുന്നറിയിപ്പു നൽകുകയും സമാന രീതിയിൽ ട്രെയിൻ നിർത്തുകയും ചെയ്യും. ഒരേ ദിശയിൽ വരുന്ന 2 ട്രെയിനുകളിലും ഈ സംവിധാനമുണ്ടായിരിക്കണം. ഒന്നിൽ മാത്രമെങ്കിൽ 90% അപകട സാധ്യതയുണ്ട്.
∙ കവച് ഇതുവരെ
ഇതുവരെ 6,000 കിലോമീറ്ററിൽ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. പതിനായിരം കിലോമീറ്ററിൽ കവച് ഏർപ്പെടുത്താൻ ടെൻഡർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ആകെ 68,000 കിലോമീറ്റർ റെയിൽപാതയുണ്ട്. എഴുപതോളം ട്രെയിനുകളിലാണ് നിലവിൽ കവച് സംവിധാനമുള്ളത്.