റോബട്ടുകളുടെ അദ്ഭുതലോകത്തിൽ മയങ്ങി കൊച്ചി; വിസ്മയക്കാഴ്ചകൾ ഇന്നു രാത്രി കൂടി
Mail This Article
കൊച്ചി ∙ റോബട്ടിക്സിന്റെയും വെർച്വൽ റിയാലിറ്റിയുടെയും നിർമിതബുദ്ധിയുടെയും 6 ദിവസം നീണ്ട വിസ്മയക്കാഴ്ചകൾ ഇന്ന് അവസാനിക്കും. മനോരമ ഓൺലൈനും ജയിന്‍ സര്‍വകലാശാലയും ചേർന്നു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘റോബോവേഴ്‌സ് വിആർ’ എക്സ്പോ രാത്രി 10 മണി വരെയാണുള്ളത്. റോബോ വാർ, പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന റോബട് ഡോഗ് എന്നിവയ്ക്കു മുന്നിലെല്ലാം ആർത്തുല്ലസിക്കുന്ന കുട്ടികളായിരുന്നു ഈ ദിവസങ്ങളിൽ പ്രദർശനത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.
നായ്ക്കളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തിമറിയുകയും ഒപ്പം ചലച്ചിത്ര ഗാനങ്ങളുടെ താളത്തിനൊത്തു ചുവടുവച്ചും ഗോ1, ഗോ2 വിഭാഗത്തിലുള്ള 3 നായ്ക്കുട്ടി റോബട്ടുകൾ എക്സ്പോയിലെ സൂപ്പർസ്റ്റാറായി. ഡ്രോൺ ഷോയായിരുന്നു മറ്റൊരു വിസ്മയം. ഉയർന്നും താഴ്ന്നും ഫ്ലിപ്പടിച്ചും പറക്കുന്ന വിവിധ രൂപങ്ങളിലുള്ള ഡ്രോണുകള്‍ കുട്ടികളെ കൗതുകത്തിലാഴ്ത്തി. എക്സ്പോയിൽ ഇടവിട്ടുള്ള സമയങ്ങളിൽ നടക്കുന്ന ‘റോബോ വാറും’ കാണികളെ ആകർഷിച്ചു. റോബട്ടുകളാണ് പോരാളികൾ. വേഗത്തിൽ പാഞ്ഞുവന്ന് കൂട്ടിയിടിച്ചും തള്ളിപ്പുറത്താക്കിയും റോബട്ടുകൾ തമ്മിലുള്ള യുദ്ധം കാണാനാണ് ആരവവുമായി കാഴ്ചക്കാർ കൂടിയത്.
പ്രളയ സമയത്ത് ആളുകളെ രക്ഷിക്കുന്ന അക്വാ റെസ്ക്യു റാഫ്റ്റ് 1.0ഉം പ്രളയശേഷമുള്ള ശുചിയാക്കൽ നടത്തുന്ന ട്രാഷ്ബോട്ട് 3.0ഉം ഒരുക്കിയ സഹോദരിമാരായ ഏഴാം ക്ലാസുകാരി കാത്‍ലിന്‍ മാരീ ജീസനും നാലാം ക്ലാസുകാരി ക്ലാരെ റോസ് ജീസനും എക്സ്പോയില്‍ താരങ്ങളായി. നിർമിതബുദ്ധിയും റോബട്ടുകളും ഒരുമിച്ചു ചേർന്ന് അഭ്ഭുതങ്ങൾ സൃഷ്ടിക്കുന്നതിനും വെർച്വൽ റിയാലിറ്റി ഗെയിം സോണിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അഭിനേതാക്കളായ ആസിഫലിയും കുടുംബവും, ബാബു ആന്റണി, അനാർക്കലി മരിക്കാർ, ഗൗരി നന്ദ, ഗോകുൽ സുരേഷ്, അഷ്കർ സൗദാൻ, സംവിധായകരായ ടി.എസ്.സുരേഷ്ബാബു, അരുൺ ചന്തു, സീരിയൽ താരദമ്പതികളായ ചന്ദ ലക്ഷ്മണ, ടോഷ് ക്രിസ്റ്റി തുടങ്ങി ഒട്ടേറെ േപര്‍ എക്സ്പോയിലെ അദ്ഭുതങ്ങൾ തൊട്ടറിഞ്ഞു. റോബട്ടിക്സ് മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം സമാന മനസ്സുള്ളവരെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് എക്സ്പോ നൽകിയതിനാൽ കരിയർ സാധ്യതകൾ തേടുന്നവർക്കും സഹായകമായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സാണ് എക്സ്പോയുടെ സാങ്കേതിക പിന്തുണ. പ്രവേശനം പാസ് വഴി. ടിക്കറ്റുകൾ www.roboversexpo.com എന്ന െവബ്സൈറ്റിലും എക്സ്പോ കൗണ്ടറിലും ലഭിക്കും.