വോട്ടിങ് യന്ത്രം തിരിമറി വിവാദം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ധൈര്യമില്ലെന്ന് ആദിത്യ താക്കറെ
Mail This Article
മുംബൈ∙ മുംബൈ നോർത്ത് വെസ്റ്റ് എംപി രവീന്ദ്ര വയ്കറുടെ മരുമകൻ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തുറക്കാനാകുന്ന ഒടിപി വരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. ആരോപണം നേരിടുന്ന വോട്ടെണ്ണൽ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ധൈര്യമില്ലെന്ന് ആദിത്യ പറഞ്ഞു.
‘‘ഈ ഭരണകൂടം വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തുന്നുണ്ടെന്ന് എല്ലായ്പ്പോഴും ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് ഇലോൺ മസ്ക് പോലും പറഞ്ഞു. ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും സിസിടിവി ദൃശ്യങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ധൈര്യം കാണിക്കാത്തത് ഞങ്ങളുടെ വാദങ്ങൾക്കു ബലമേകുന്നുണ്ട്’’–ആദിത്യ താക്കറെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതിനിടെ ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന ഇലോൺ മസ്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദയും രംഗത്തെത്തി. ഇലക്ട്രോണിക്, ഐടി, സോഫ്റ്റ്‌വെയർ, െടലികോ രംഗങ്ങളിൽ 60 വർഷത്തോളം പരിചയമുള്ളയാളാണ് താനെന്നും ഇവിഎം സംവിധാനത്തെക്കുറിച്ചു പഠിച്ചയാളെന്ന നിലയ്ക്ക് അതിൽ തിരിമറി നടത്താനാകുമെന്ന് കരുതുന്നുവെന്നും പിത്രോദ പറഞ്ഞു.